കണ്ണൂർ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന നീണ്ടുനോക്കി പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പാലങ്ങളിൽ ദീപവിതാനങ്ങൾ ഉൾപ്പെടെ ചെയ്ത് അലങ്കരിക്കാൻ സർക്കാരുമായി സഹകരിക്കാൻ സാധ്യതയുള്ളവരുമായി കൈകോർക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 1100 കോടി രൂപയുടെ 109 പാലം പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇതിൽ 56 പ്രവൃത്തികൾക്കായി 620.23 കോടി രൂപയുടെ ഭരണാനുമതി നൽകി.
കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന തീർഥാടകർക്ക് നീണ്ടുനോക്കി പാലം ഏറെ ഉപകാരപ്രദമാവും. ടൂറിസത്തിന്റെ മികവുറ്റ സാധ്യതയുള്ള പ്രദേശം എന്ന നിലയിലും ഈ പാലം ഏറെ സൗകര്യപ്രദമാവും. പാലത്തിന്റെ നിർമ്മാണ പ്രവർത്തനം സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരും കരാറുകാരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി.പാലത്തിന്റെ ഒരുഭാഗം നീണ്ടുനോക്കി കവലയും മറുഭാഗം കൊട്ടിയൂർ അമ്പലത്തിലേക്കുള്ള സമാന്തര റോഡും പാലുകാച്ചിമല വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ബന്ധിപ്പിക്കുന്ന റോഡുമാണ്. പാലം പൂർത്തിയായാൽ നീണ്ടുനോക്കി കവലയിൽ നിന്നും കൊട്ടിയൂർ അമ്പലത്തിലേക്കുള്ള ബൈപാസ് റോഡ് ആയി ഉപയോഗിക്കാം. മന്ദംചേരി കവലയും സമാന്തരമായി ബന്ധിപ്പിക്കുന്നുണ്ട്.2020-21 ബജറ്റിൽ ഉൾപ്പെടുത്തി 6.43 കോടി രൂപയുടെ ഭരണാനുമതിയും 6.42 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. ടെണ്ടർ വിളിച്ച് കരാറുകാരൻ 18 മാസത്തെ കാലാവധിയോടെ പ്രവൃത്തി ഏറ്റെടുത്തു. പാലത്തിന് 13 മീറ്റർ നീളത്തിൽ രണ്ട് സ്പാനും 14 മീറ്റർ നീളത്തിൽ ഒരു സ്പാനും ഉൾപ്പെടെ ആകെ 41 മീറ്റർ നീളമാണുള്ളത്. പാലത്തിന് 7.50 മീറ്റർ വീതിയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാവും. കൊട്ടിയൂർ ഭാഗത്ത് 120 മീറ്ററും പാലുകാച്ചിമല ഭാഗത്ത് 50 മീറ്ററും നീണ്ടുനോക്കി ഭാഗത്ത് 145 മീറ്ററും നീളത്തിൽ അനുബന്ധ റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർശ്വഭിത്തിയും ഡ്രയിനേജും ഉണ്ടാവും.