ശാസ്ത്രീയമായ സീവേജ് മാലിന്യ സംസ്കരണം അനിവാര്യം : മുഖ്യമന്ത്രി

Spread the love

കണ്ണൂർ: ശുദ്ധജല സ്രോതസുകളിൽ മനുഷ്യവിസർജ്യാംശം കലരുന്നുവെന്നതാണ് സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന മുഖ്യ പ്രശ്നമെന്നും ഇപ്പോൾ തന്നെ അത് പരിഹരിക്കാനുള്ള പദ്ധതികളിലാണ് സംസ്ഥാന സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ് ബി സഹായത്തോടെ പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഉമ്മൻചിറ പുഴയ്ക്ക് കുറുകെ ചേക്കുപാലത്ത് നിർമ്മിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവർക്കും ആരോഗ്യദായകമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലജീവൻ മിഷന് രൂപം നൽകിയത്. ജലത്തിൻ്റെ തനിമ വീണ്ടെടുക്ക എന്നതായിരുന്നു ഹരിത കേരള മിഷൻ ലക്ഷ്യമിട്ടത്.നിരവധി ജലസ്രോതസുകളാണ് ഇങ്ങനെ നാം വീണ്ടെടുത്തത്. ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. നമ്മുടെ പല സെപ്ടിക് ടാങ്കുകളും ശാസ്ത്രീയമായല്ല നിർമ്മിച്ചിട്ടുള്ളത്.പലപ്പോഴും സെപ്ടിക് ടാങ്കിലെ ജലം കിനിഞ്ഞ് കിണർ വെള്ളമുൾപ്പെടെ മലിനമാകുന്ന സ്ഥിതിയുണ്ട്. കുടിവെള്ള സ്രോതസുകളിൽ വർദ്ധിച്ച് വരുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം അതാണ് വ്യക്തമാക്കുന്നത്. ഇത് ശാസ്ത്രീയമായി സംസ്കരിക്കണം. ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ മുഴുവനാളുകളും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയായി.

Author