ബഫര്‍സോണ്‍ എത്ര പഞ്ചായത്തുകളിലെന്ന് സര്‍ക്കാരിനുപോലും വ്യക്തതയില്ലാത്തത് നിര്‍ഭാഗ്യകരം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഓരോ തവണയും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുപോലും വ്യക്തമായ കണക്കില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍.

115 പഞ്ചായത്തുകളിലാണ് ബഫര്‍സോണ്‍ ബാധകമാകുന്നതെന്ന് വനംവകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവിട്ട ഉപഗ്രഹസര്‍വ്വേയിലിത് 106 പഞ്ചായത്തുകളാണ്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല സമ്മേളനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് 87 പഞ്ചായത്തുകളും. സംസ്ഥാന

ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍. ഉപഗ്രഹസര്‍വ്വേ പുറത്തുവന്നിരിക്കുമ്പോള്‍ കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ധനാധാരം രജിസ്റ്റര്‍ ചെയ്ത് വിലകൊടുത്ത് വാങ്ങിയതുമായ കൈവശഭൂമി വനഭൂമിയായി സര്‍ക്കാര്‍ മാപ്പില്‍ വന്നിരിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പരാജയമാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളെ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുവാന്‍ ഇടയാക്കും.

പരിസ്ഥിതിലോലത്തിന്റെയും ബഫര്‍സോണിന്റെയും അടിസ്ഥാന യൂണിറ്റ് വില്ലേജാണ്. ഉദാഹരണമായി 123 വില്ലേജുകളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. ഒരു പഞ്ചായത്തില്‍തന്നെ രണ്ടിലേറെ വില്ലേജുകളുള്ളപ്പോള്‍ 115 പഞ്ചായത്തുകളിലായി ഏതാണ്ട് 300 ഓളം വില്ലേജുകള്‍ ബഫര്‍സോണില്‍ വരും. ഇത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള പരിസ്ഥിതിലോലപ്രദേശത്തിന്റെ പതിന്മടങ്ങ് ജനങ്ങളെ ബാധിക്കും. ജനങ്ങളില്‍ നിന്ന് ഇത് മറച്ചുവെയ്ക്കാനാണ് വില്ലേജുകളെ ഒഴിവാക്കി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 94476 91117

Author