എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ സംസ്ഥാനകമ്മിറ്റിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനം വാചാലവും അർത്ഥഗർഭവുമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സന്‍.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെ തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയിലാണ് ആരോപണം ഉന്നയിച്ചത്. ഇത് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും മൗനാനുവാദത്തോടു കൂടിയാണെന്ന
കാര്യം വിസ്മരിക്കാനാവില്ല. ഇത്രയും ഗുരുതരമായ ആരോപണത്തെ പ്രതിരോധിക്കാനോ നിഷേധിക്കാനോ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തയ്യാറാകാത്തത് കൗതകരമാണ്.
ഇൗ വിഷയത്തില്‍ പ്രതികരണമാരാഞ്ഞുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ടെന്ന മറു ചോദ്യമാണ് മുഖ്യമന്ത്രി ചോദിച്ചത്. ആരോപണം മാധ്യമ സൃഷ്ടിയാണെന്നും പ്രതിപക്ഷം സർക്കാരിനെ തകർക്കാൻ വേണ്ടി ഉന്നയിച്ചതാണെന്നുള്ള പതിവ് മറുപടി
മുഖ്യമന്ത്രിയിൽനിന്നോ ഗോവിന്ദൻ മാസ്റ്ററിൽ നിന്നോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതും വിചിത്രമാണ്. ജയരാജൻ മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ അനധികൃതസ്വത്ത് സമ്പാദ്യത്തെയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുടെയും നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടി അന്വേഷണം മാത്രം പോരെന്നും ഇപിക്കെതിരായ ആരോപണത്തെ കുറിച്ച് നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഹസ്സന്‍ പറഞ്ഞു.
ഏതു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾക്കും എതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ കുറിച്ച് തൽസമയ പ്രതികരണം നടത്തുന്ന മുഖ്യമന്ത്രി ഈ ആരോപണത്തെക്കുറിച്ച് പ്രതികരിക്കണം.കണ്ണൂരിലെ വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ ആരോപണ രൂപേണ പുറത്ത് വരുന്നത്. പിണറായി ഭരണത്തിൽ മാർക്സിസ്റ്റ് പാർട്ടിയിൽ അടിമുടി അഴിമതി അഴിഞ്ഞാടുന്നു എന്ന യുഡിഎഫിന്റെ വിമർശനത്തെ സാക്ഷ്യപ്പെടുത്തിയ സംഭവങ്ങളാണ് ഇപ്പോൾ ജയരാജന്മാരുടെ യുദ്ധത്തിലൂടെ മറനീക്കി പുറത്തേക്ക് വരുന്നതെന്ന് എംഎം ഹസൻ പറഞ്ഞു.
പാർട്ടിയിലെ വിഭാഗീയതയുടെ മറവിൽ ആണെങ്കിലും പി ജയരാജനെതിരെ അനുയായികൾ ഉന്നയിക്കുന്നത് ക്വൊട്ടേഷൻ , സ്വര്‍ണ്ണക്കടത്ത് ഫണ്ട് ദുർവിനിയോഗം ഉള്‍പ്പെടെ അധികാരത്തിന്റെ തണലിൽ സിപിഎമ്മിൽ നടക്കുന്ന അഴിമതികളുടെയും അക്രമത്തിന്റെയും യഥാര്‍ത്ഥ വസ്തുതകളാണ് വിഭാഗീയതയുടെ പേരില്‍ ഇപ്പോള്‍ പുറത്ത് വന്നത്. ശരിയായ അന്വേഷണത്തിലൂടെ മാത്രമെ സത്യംപുറത്ത് വരുകയുള്ളൂയെന്നും ഹസ്സന്‍ പറഞ്ഞു.