ഇടുക്കി മെഡിക്കല്‍ കോളേജ്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണം

Spread the love

മന്ത്രിമാരായ വീണാ ജോര്‍ജിന്റേയും റോഷി അഗസ്റ്റിന്റേയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റേയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി. രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. രണ്ടാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യത്തിനായുള്ള ഹോസ്റ്റല്‍ സൗകര്യം ഒരുക്കണം. മാര്‍ച്ചിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജിന് കൈമാറാനും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജിന് വിവിധ ആശുപത്രി ഉപകരണങ്ങള്‍ സജ്ജമാക്കാനായി 1.95 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജിന് ആവശ്യമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

 

Author