സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു
സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി
പിണറായി വിജയന് പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഭിപ്രായ ഭിന്നതകള്‍ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണിത്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച സംസ്ഥാനമാണ് കേരളം. ഗ്ലോബല്‍ സ്പൈസസ് പ്രോസസ്സിംഗിന്റെ ഹബ്ബാണ് കേരളം. ലോകത്തുല്‍പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതല്‍ 50 ശതമാനത്തോളം കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികള്‍ക്കും ഇ യു സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം ഉത്തേജിപ്പിക്കുന്നതിന് വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സൂക്ഷ്മ – ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ആക്ട് പാസാക്കിയത് 2019 ലാണ്. 50 കോടി രൂപയില്‍ താഴെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അനുമതിയും ലഭിച്ചതായി കണക്കാക്കി പ്രവര്‍ത്തിക്കാം.
50 കോടി രൂപയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ളവയ്ക്ക് ഒരു വര്‍ഷത്തേക്ക് അനുമതി ലഭ്യമായതായി കണക്കാക്കി പ്രവര്‍ത്തിക്കാനും നിയമ ഭേദഗതിയും വരുത്തിയിട്ടുണ്ട്. കൂടാതെ പരാതി പരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പ്രശ്ന പരിഹാരത്തിന് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംരംഭകര്‍ക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതല്ക്കുള്ള കണക്കുകളെടുത്താല്‍ കെ എസ് ഐ ഡി സി യിലൂടെ 242 സംരംഭങ്ങളും, കിന്‍ഫ്രയിലൂടെ 721 സംരംഭങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അവയിലൂടെ 4,653 കോടി രൂപയുടെ സാമ്പത്തികസഹായം നല്‍കുകയും 49,594 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി യിലൂടെയാകട്ടെ 5,405 സംരംഭങ്ങള്‍ക്ക് 12,048 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കി.ഈ വിധത്തില്‍ വ്യവസായ മേഖലയിലുണ്ടായ വളര്‍ച്ചയുടെ മാറ്റം നാട്ടിലാകെ ദൃശ്യമാണ്. ഇതിന്റെയെല്ലാം ഫലമായി വ്യാവസായിക സൗഹൃദ റാങ്കിംഗില്‍ കേരളം 15-ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
പരമ്പരാഗത നൂതന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും കേരത്തില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നോവേഷന്‍ ഹബ്ബ് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2022 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോഡബിള്‍ ടാലന്റ്സ് റാങ്കിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാമതും ലോകത്ത് നാലാമതുമാണ്.
കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവില്‍ വളര്‍ച്ച നേടി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയാണ്. ഈ നേട്ടങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പുവരുത്താന്‍ നമ്മുക്ക് കഴിയണം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച സാധ്യമാക്കാനും നമ്മുക്കു കഴിയണം. അതിന് കരുത്തുപകരാന്‍ ഓരോരുത്തരുടെയും സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷതവഹിച്ചു. സ്കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിച്ചു.
എംഎല്‍എമാരായ ആന്റണി ജോണ്‍, പി.വി. ശ്രീനിജിന്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്, ചീഫ് സെക്രട്ടറി വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡറക്ടര്‍ എസ്.ഹരികിഷോര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.സുധീര്‍, പി.എസ് സുരേഷ്കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജനറല്‍ മാനേജര്‍ പി.എ നജീബ്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.