കേരള സ്കിൽസ് എക്സ്പ്രസ് ഉദ്ഘാടനം 23ന്

കേരള നോളജ് ഇക്കോണമി മിഷന്റെ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 23ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്ദിൽ ഉദ്ഘാടനം ചെയ്യും. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്കിന്റെയും സിഎഫിറ്റ്, ഡബ്ല്യൂ.ഐ.ടി, നാസ്കോം, സി.ഐ.ഐ എന്നിവയുടെയും സഹകരണത്തോടെയാണ് കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് നടത്തുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നുള്ള 10,000 പേർക്ക് വിവിധ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ തീവ്രയജ്ഞ മാതൃകയിൽ തൊഴിൽ നൽകി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴിൽ മാതൃകയ്ക്ക് രൂപം നൽകുന്നതിനാണ് നോളജ് മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഐ ടി കമ്പനികളുടെ ഒരു ഇൻഡസ്ട്രി മീറ്റും ഇതിനൊപ്പം സംഘടിപ്പിക്കുന്നു. അടുത്ത അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട നോളജ് ഇക്കോണമി മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ കമ്പനികളെ അറിയിക്കും. കമ്പനികളുടെ തൊഴിലവസരങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് (DWMS) ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും. കെ-ഡിസ്‌ക്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ.കെ.എം. എബ്രഹാം, ഐ.ബി.എസ് സോഫ്റ്റ് വെയർ ചെയർമാൻ വി.കെ. മാത്യൂസ് എന്നിവർ പങ്കെടുക്കും.

a

Leave Comment