തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത കേരളം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനോട് പൂര്‍ണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസിനെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതിനാല്‍ തന്നെ കര്‍ശനമായ രീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇരട്ട മാസ്ക്കുകള്‍ ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്ക് നമ്മളൊന്നാകെ ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗത്തെ തടയാന്‍ സാധിക്കും.
ബ്ളാക് ഫംഗസ് അഥവാ മ്യൂകര്‍ മൈകോസിസ് പുതുതായി ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 73 കേസുകളാണ്. അതില്‍ 50 പേര് ഇപ്പോഴും ചികിത്സയിലാണ്. എട്ടു പേര് രോഗവിമുക്തരാവുകയും 15 പേര് മരണപ്പെടുകയും ചെയ്തു.
മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. മുതിര്‍ന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു. സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു.വിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ചെയ്യും. ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയില്‍ എച്ച്.ഡി.യു. (ഹൈ ഡിപ്പന്റന്‍സി യൂണിറ്റ്) സ്ഥാപിക്കും. അതല്ലെങ്കില്‍ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു./എച്ച്.ഡി.യു.വിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ചില സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പോലീസിന്റെ നിര്‍ദ്ദേശം മറികടക്കുന്നതും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങളില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാറ്റഗറി എ, ബി വിഭാഗങ്ങളില്‍പ്പെട്ട സ്ഥലങ്ങളിലും ഇതു ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിലും ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടില്‍ ഇരിക്കാതെ പുറത്തിറങ്ങുന്നുണ്ട്. ഇങ്ങനെ പുറത്തിറങ്ങുന്നവരെ കണ്ടെത്തി കൗണ്‍സലിംഗ് നല്കി വീടുകളിലേയ്ക്ക് മടക്കുകയാണ് ഇതുവരെ പോലീസ് ചെയ്തിരുന്നത്. ചില സ്ഥലങ്ങളില്‍ നിയമാനുസൃതം പിഴയും ഈടാക്കിയിട്ടുണ്ട്. ക്വാറന്റീനിന് ലംഘിക്കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ നിയമലംഘകര്‍ക്കെതിരെ കേരള പകര്‍ച്ചാവ്യാധി നിയമം, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് എന്നിവയനുസരിച്ച് പ്രോസിക്യൂഷന് നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.
വിദേശത്ത് പോകുന്നരുടെ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ ചില കുറവ് ഇപ്പോഴുണ്ട്. അടിയന്തിരമായി അവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഫീസ് അടച്ചില്ലെന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടി എടുക്കുവാന്‍ നിര്‍ദേശം നല്കി. പി എസ് സി പരീക്ഷകള്‍ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.