ടൊറന്റോ: ഇന്ത്യൻ വംശജയരായ ആരോഗ്യപ്രവർത്തകരിൽ മികവു കാട്ടിയവരെ ആദരിക്കുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയിട്ടുള്ള ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ കാനഡയിലും സമ്മാനിക്കുന്നു. പ്രമുഖ സാമൂഹിക സംഘടനയായ ഒന്റാരിയോ ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസുമായി ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. 2023 ഏപ്രിൽ 22 ശനിയാഴ്ചയാണ് പരിപാടി. ആരോഗ്യരംഗത്തെ മികച്ച സംഭാവനകളും കോവിഡ് കാലത്തെ സേവനങ്ങളും കണക്കിലെടുത്ത് ഏഴ് പുരസ്കാരങ്ങളാണ് നൽകുക. ബ്രാപ്ടണിലുള്ള ഗ്രാൻഡ് എംപയർ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് അഞ്ചരയ്ക്കാണ് അവാർഡ് നിശ.
മിസ്സിസാഗയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രവിശ്യാ പാർലമെന്റംഗം ദീപക് ആനന്ദ് ആണ് അവാർഡ് നിശയുടെ പ്രഖ്യാപനം നടത്തിയത്. ഏഷ്യാനെറ്റ് സീനിയർ അസോഷ്യേറ്റ് എഡിറ്റർ അനിൽ അടൂർ, നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് മേധാവി ഡോ. കൃഷ്ണ കിഷോർ എന്നിവർ ഓൺലൈനിലും പങ്കുചേർന്നു. പുരസ്കാരം സംബന്ധിച്ച വിശദവിവരങ്ങളും പരിഗണിക്കുന്നതിനായുള്ള മാനദണ്ഡങ്ങളും ടിക്കറ്റും ഒന്റാറിയോ ഹീറോസ് വെബ്സൈറ്റിൽ ലഭ്യമാണ്.
അവാർഡ് നിശയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് 50 ഡോളർ, പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് 100
ഡോളർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് പേരടങ്ങുന്ന കുടുംബത്തിന് 250 ഡോളറിന് ടിക്കറ്റ് ലഭിക്കും. രാഷ്ട്രീയ- സാമൂഹിക-ആരോഗ്യ രംഗങ്ങളിലെ പ്രമുഖർക്കൊപ്പം ഹീറോസ് ലോഞ്ചിലെ ഇരിപ്പിടത്തിന് രണ്ടു പേർക്ക് 1000 ഡോളറാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ഒന്റാരിയോ ഹീറോസ് പ്രതിനിധികളായ ഡോ. സന്ദീപ് ശ്രീഹർഷൻ ( 416-729-6652), അശ്വനി അന്ന മാത്യു (647- 674-4436), രാജു ഡേവിസ് (647- 741-1331), പ്രിൻസ് ജോൺ (647- 648-6453) രോഹിത് മാലിക് (647- 391-4452) എന്നിവരുമായി ബന്ധപ്പെടണം.
അമേരിക്കയിലും യുഎഇയിലും കുവൈത്തിലും ഇതിനകം നടത്തിയ ഹെൽത്ത്കെയർ എക്സലൻസ് അവാർഡ് നിശയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും ഹെൽത്ത് കെയർ അവാർഡ് നൽകുന്നുണ്ട്.
സാമുഹികസംഘടനയായി ദേശീയതലത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒന്റാരിയോ ഹീറോസിന്റെ പ്രവർത്തനങ്ങൾക്ക് പതിനാറ് രാജ്യങ്ങളിൽനിന്നുള്ള, മുപ്പതോളം പ്രഫഷനങ്ങൾ വിഭാഗങ്ങളിൽനിന്നുള്ള ഇരുന്നൂറ്റൻപതോളം സന്നദ്ധപ്രവർത്തകരാണുള്ളത്. കോവിഡ് കാലത്ത് ഒട്ടേറെ സേവനപ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകി ശ്രദ്ധേയരായിരുന്നു. നവകുടിയേറ്റക്കാർക്കും രാജ്യാന്തര വിദ്യാർഥികൾക്കും കൗൺസലിങ്, നിയമസഹായം, തൊഴിൽനേടുന്നതിനും മറ്റുമുള്ള മാർഗനിർദേശങ്ങൾ തുടങ്ങി മുപ്പതോളം സൗജന്യ സേവനങ്ങളാണ് ഒന്റാരിയോ ഹീറോസ് നൽകുന്നുണ്ട്.ഒന്റാരിയോയ്ക്ക് പുറമെ ആൽബർട്ട, നോവ സ്കോഷ്യ പ്രവിശ്യകളിലും ഒന്റാരിയോ ഹീറോസിന്റെ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ontarioheroes.ca എന്ന വെബ്സൈറ്റ് സന്ദർശിക്കുക.