മട്ടന്നൂര്‍ ഷുഹൈബിന്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഷുഹൈബ് ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച കണ്ണില്‍ച്ചോരയില്ലാത്തവരാണ് സിപിഎമ്മുകാര്‍. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത നടപടിയിലൂടെ ഷുഹൈബിന്റെ കുടുംബത്തിന് കിട്ടേണ്ട നീതി നിഷേധിച്ച സിപിഎമ്മിന്റെ ക്രൂരമനസിന്റെ ആഴം കേരളീയ സമൂഹത്തിന് മനസിലായി. മകനെ നഷ്ടപ്പെട്ട ഉമ്മയും ബാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഖജനാവില്‍നിന്നും 1.36 കോടി രൂപ ചെലവാക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ച് കൊലപാതകികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ സത്യസന്ധമായ അന്വേഷണത്തിന് എതിര് നില്‍ക്കുന്നതില്‍ നിന്നുതന്നെ ഈ കൊലപാതകത്തിലുള്ള സിപിഎമ്മിന്റെ പങ്ക് വ്യക്തമാണ്. സുപ്രീംകോടതിയില്‍നിന്നും സിബിഐ അന്വേഷണത്തിനുള്ള അനുകൂലവിധി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഷുഹൈബിനെ കൊന്നത് സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ പറഞ്ഞത്. കണ്ണൂരില്‍ സിപിഎം പ്രതിസ്ഥാനത്തുള്ള ഓരോ കൊലപാതകത്തിലും നേതൃത്വത്തിന്റെ അറിവും സമ്മതവുമുണ്ട്. കേരളീയ സമൂഹം സിപിഎമ്മിന്റെ കൊലയാളി മുഖം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം അമ്പതോളം ചെറുപ്പക്കാരെ സിപിഎം കൊന്നുതള്ളി. പെരിയയില്‍ ശരത് ലാലിനെയും കൃപേഷിനെയും കൊന്നതും സിപിഎമ്മാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയാണ് സിപിഎം ഓരോ കൊലപാതകവും നടത്തിയതെന്ന ഉത്തമബോധ്യം അനുഭവത്തില്‍നിന്ന് തിരിച്ചറിഞ്ഞവരാണ് കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍. ആകാശ് തില്ലങ്കേരി അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി നഗ്‌നസത്യങ്ങള്‍ വിളിച്ചുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.