അടച്ചിട്ട വീടുകൾക്ക് നികുതി എന്നത് നിർദേശം മാത്രമെന്ന് മന്ത്രി; ഇതിനു വിശദ പഠനം വേണം

Spread the love

തിരുവനന്തപുരം: അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തുന്നത് സംബന്ധിച്ച നിർദേശം സംബന്ധിച്ചു അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന് ധനമന്ത്രി എം. ബാലഗോപാൽ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിനെ അറിയിച്ചു. നാട്ടിൽ നിന്ന് യുവാക്കൾ കൂടുതലായി പുറത്തു പോകുന്നതും പ്രായമായവരെ വൃദ്ധസദനങ്ങളിൽ പാർപ്പിക്കുന്നതുമായ പ്രവണതകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിനു തടയിടുന്നതിനായി ചില നിർദേശങ്ങൾ വന്നിരുന്നു. അതിന്റെ ഭാഗമായാണ് അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് അധിക നികുതി അഥവാ സൂപ്പർ സെസ്സ് എന്ന നിർദേശം ഉരുത്തിരിഞ്ഞത്.

ഇതിന്റെ പ്രായോഗികത, സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളെപ്പറ്റി പഠിക്കാനുണ്ട്. വിശദമായ പഠനം നടത്തി അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി പൂർണമായ ബോധ്യം വരാതെ തീരുമാനങ്ങളൊന്നും അടിച്ചേൽപ്പിക്കില്ല.

മറിച്ചുള്ള പ്രചാരങ്ങൾ ഒക്കെ അടിസ്ഥാനരഹിതമാണ്. അധിക നികുതി എന്നത് ഒരു നിർദേശം മാത്രമായിരിക്കെ അത് പിൻവലിച്ചു എന്ന് പറയുന്നതിലും അർത്ഥമില്ല. തീരുമാനം വന്നാൽ ആണല്ലോ അത് പിൻവലിക്കാൻ കഴിയുക.

എന്തായാലും ഈ വിഷയത്തിൽ പ്രവാസി സമൂഹത്തിൽ വലിയ ആശങ്കകൾ ഉയര്ന്നത് സർക്കാർ കണക്കിലെടുക്കും. പ്രവാസികൾക്ക് ദോഷകരമായ ഒരു കാര്യവും സർക്കാരിന്റെ അജണ്ടയിലില്ല-മന്ത്രി വ്യക്തമാക്കി.

അടച്ചിട്ട വീടുകൾക്ക് നികുതി എന്നത് ഒരു നിർദേശം മാത്രമാണെന്നും തീരുമാനമൊന്നും ആയില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയയതെന്ന് ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. അതിനാൽ ഇതുസംബന്ധിച്ച അകാലത്തിലുള്ള അവകാശവാദങ്ങള്ക്കും വാർത്തകൾക്കും പ്രസക്തിയില്ല. പ്രവാസികളെ ദോഷമായി ബാധിക്കുന്ന കാര്യമാണിത്. അതിനാൽ ഫോമാ ഇതിനെ ശക്തിയുക്തം എതിർക്കുന്നു. ഈ നിർദേശം തന്നെ സർക്കാർ പിന്വലിക്കണമെന്നാണ് ഫോമാ ആവ്യപ്പെടുന്നത്-അദ്ദേഹം വ്യക്തമാക്കി.

Author