പോലീസ് റെയ്ഡ് : മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

ഏഷ്യനെറ്റിന്‍റെ കൊച്ചി ബ്യൂറോയിലെ എസ്.എഫ്. ഐക്കാരുടെ അതിക്രമവും കോഴിക്കോട് ബ്യൂറോയില്‍ പോലീസ് നടത്തിയ റെയ്ഡും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ധ്വംസനം മാത്രമല്ല സര്‍ക്കാരിന്‍റെ ജനദ്രോഹം തുറന്ന് കാട്ടാന്‍ ധെെര്യം കാട്ടുന്ന മാധ്യമങ്ങള്‍ക്കെതിരായ താക്കീതും അവരുടെ വായടപ്പിക്കാനുള്ള പ്രഹരവുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരായ പോരാട്ടം സാമൂഹ്യ പ്രതിബദ്ധതയോടെ മാധ്യമങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണെന്നത് അപഹാസ്യമാണ്. ഏഷ്യാനെറ്റിനെതിരെ പരാതി നല്‍കിയ ജനപ്രതിനിധിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ നടപടിക്ക് പിന്നിലെ ഉദ്ദേശ്യ ശുദ്ധിയെ പൂര്‍ണ്ണമായും സംശയിക്കേണ്ടിവരും. പാരാതിക്കാരന്‍റെ മൊഴിപോലും രേഖപ്പെടുത്തുന്നതിന് മുന്‍പ് ശരവേഗത്തിലാണ് പിണറായി വിജയന്‍റെ പോലീസ് മാധ്യമ സ്ഥാപനത്തിലേക്ക് ഇരച്ച് കയറിയത്. ബിബിസി മോഡല്‍ റെയ്ഡ് ഏഷ്യാനെറ്റില്‍ നടത്തിയ പിണറായി വിജയനും മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഹസ്സന്‍ പറഞ്ഞു.

വിമര്‍ശനങ്ങളോടുള്ള സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും അസഹിഷ്ണുതയാണ് പ്രകടമായത്.കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറ് വാരിപ്പിച്ചത് പോലെയാണ് എസ്.എഫ്. ഐക്കാരെ ഉപയോഗിച്ച് ഏഷ്യാനെറ്റിന്‍റെ ഓഫീസ് ആക്രമിച്ചത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ഭയമായി സത്യം വിളിച്ച് പറയാനുള്ള അന്തരീക്ഷമുള്ള നാടാണ് കേരളം. ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്കാരം കേരളത്തില്‍ നടപ്പാക്കാന്‍ പിണറായി ശ്രമിച്ചാല്‍ അതിന് വഴങ്ങാന്‍ ഇവിടാരും തയ്യാറല്ല. ഭരണകൂടങ്ങള്‍ക്ക് കീഴടങ്ങി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന സന്ദേശം ജനാധിപത്യത്തിന് ഭൂഷണമല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ അഴിമതി ആരോപണം നേരിടുമ്പോള്‍ അത്തരം വാര്‍ത്തകള്‍ നല്‍കാതിരിക്കാനുള്ള ഗൂഢനീക്കമാണിത്. ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് പിണറായി പയറ്റുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അജഗജാന്തരമാണുള്ളതെന്നും ഹസ്സന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആക്രോശിച്ച സംസ്കാരമാണ് മുഖ്യമന്ത്രിക്കുള്ളത്. പാര്‍ട്ടി സെക്രട്ടിയായിരുന്ന പഴയ പിണറായി വിജയന്‍ മാതൃഭൂമിയുടെ മുന്‍ എഡിറ്ററെ എടോ ഗോപാലകൃഷ്ണ എന്ന് വിളിച്ച് അധിക്ഷേപിച്ചത് കേരളം മറന്നിട്ടില്ല. സെക്രട്ടേറിയറ്റിലും നിയമസഭയിലും അപ്രഖ്യാപിത മാധ്യമ വിലക്ക് ഏര്‍പ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകരോട് പലതവണ പരുക്കന്‍ സ്വഭാവം മുഖ്യമന്ത്രി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പെരുപ്പിച്ച് കാണിച്ച കള്ളക്കണക്ക് പൊളിച്ച മനോരമക്കെതിരെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വാക്കുകള്‍ കൊണ്ട് കടുത്ത ആക്രമണമാണ് നടത്തിയത്. ഇത് സത്യം വിളിച്ച് പറയുന്ന എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയപ്പ് കൂടിയാണിത്. ഏഷ്യാനെറ്റിനെതിരായ സര്‍ക്കാര്‍ നടപടി ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധ്യമല്ല. അധികാരം ഏറ്റതുമുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയ ഭരണാധികാരിയാണ് കേരള മുഖ്യമന്ത്രി. ചോദ്യങ്ങളെ നേരിടാനാകാതെ മാധ്യമ ചട്ടം കൊണ്ടുവന്ന് മാധ്യമങ്ങളെ വരിഞ്ഞുമുറുക്കിയ മുഖ്യമന്ത്രിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നത് ഇടയ്ക്ക് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

 

Author