ലീലാ മാരേട്ടിന് “ഹാൾ ഓഫ് ഫെയിം” ഇന്റർനാഷണൽ അവാർഡ് : മാത്യുക്കുട്ടി ഈശോ

Spread the love

ന്യൂയോർക്ക്: ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻറെ (Universal Record Forum-URF) 2023-ലെ “ഹാൾ ഓഫ് ഫെയിം” ഇന്റർനാഷണൽ അവാർഡിന് ന്യൂയോർക്കിൽ നിന്നുമുള്ള സാമൂഹിക പ്രവർത്തക ലീല മാരേട്ടിനെ തിരഞ്ഞെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി 2014-ൽ ദോഹയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF). മാർച്ച് 12 ഞായറാഴ്ച വൈകിട്ട് 7 മുതൽ ദുബായ് ക്രീക്ക് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്ന പ്രൗഡ്ഢ ഗംഭീര ചടങ്ങിൽ വച്ച് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ ലോക പ്രശസ്തരായ വ്യക്തികളുടെ നിറ സാന്നിദ്ധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങും. അവാർഡ് ഏറ്റുവാങ്ങുന്നതിനായി ലീല ന്യൂയോർക്കിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. പ്രസ്തുത അവാർഡിന് അമേരിക്കയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ലീല മാരേട്ട്.

ന്യൂയോർക്കിലെ വിവിധ മലയാളീ സംഘടനകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓവർസീസ് വിഭാഗത്തിലും ഫൊക്കാനയിലും വർഷങ്ങളായി പ്രവർത്തിക്കുന്ന ലീല ന്യൂയോർക്കിലെയും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഇന്ത്യൻ സമൂഹത്തിൽ തന്നെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്. കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ അമേരിക്കയിലെ കേരളാ ചാപ്റ്റർ പ്രസിഡന്റായി പ്രവർത്തിക്കുകയാണ് ലീല. അൻപതു വർഷം പൂർത്തീകരിച്ച ന്യൂയോർക്കിലെ ആദ്യകാല സംഘടനയായ കേരളാ സമാജം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ മുൻകാല പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന ലീല നിലവിൽ കേരളാ സമാജത്തിന്റെ കമ്മറ്റി അംഗമാണ്. അമേരിക്കയിലെ മലയാളികളുടെ അംബ്രല്ല സംഘടനയായ ഫൊക്കാനയുടെ കഴിഞ്ഞ വർഷത്തെ പ്രസിഡൻറ് സ്ഥാനാർഥി ആയിരുന്നു. കഴിഞ്ഞ വർഷം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാഞ്ഞതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡൻറ് സ്ഥാനാർഥി ആയി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലീല ഇപ്പോൾ.

അമേരിക്കൻ സാമൂഹിക സംഘടനാ രംഗത്തെ ദീർഘകാലത്തെ നിസ്വാർഥ സേവനം പരിഗണിച്ചാണ് URF സംഘാടകർ ലീലയെ ഈ വർഷത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. ആലപ്പുഴയിലെ മുൻകാല കോൺഗ്രസ്സ് നേതാവായിരുന്ന തോമസ് മാഷിൻറെ മകളായ ലീല കേരളത്തിലെ എല്ലാ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെയും സുഹൃത്ത് കൂടിയാണ്. കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ചു വളർന്നതിനാൽ അമേരിക്കയിലെത്തിയപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഓവർസീസ് ഘടകത്തിൽ വർഷങ്ങളായി നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നു.

രാഹുൽ ഗാന്ധിയുടെ അടുത്തയിടെ നടന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ എത്തിയ ദിവസം അതിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിൽ നിന്നും പോയി പങ്കെടുത്ത വ്യക്തിയാണ് ലീല. കോൺഗ്രസ്സ് ആവേശം ജീവിതത്തിൽ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ലീല നല്ലൊരു സംഘാടകയാണ്. രസതന്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി ആലപ്പുഴയിലെ കോളേജിൽ അധ്യാപികയായി ജീവിതം ആരംഭിച്ച ലീല വിവാഹ ശേഷം അമേരിക്കയിലേക്ക് കുടിയേറി ന്യൂയോർക്ക് സിറ്റി എൻവയൺമെന്റൽ ഡിപ്പാർട്മെന്റിൽ സയന്റിസ്റ്റായി ദീർഘകാലം സേവനമനുഷ്ഠിച്ച് വിശ്രമ ജീവിതം നയിച്ച് വരികയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും എന്നും സാമൂഹിക സംഘടനാ രംഗത്ത് കർമ്മ നിരതയായി ലീല മാരേട്ട് മുന്നേറുന്നു.

 

Author