കാനറാ ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇനി യുപിഐയിലും

Spread the love

കൊച്ചി: കാനറാ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ജനപ്രിയ ഡിജിറ്റല്‍ പേമന്റ് സംവിധാനമായ യുപിഐ പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കി. എന്‍പിസിഐയുമായി ചേര്‍ന്നാണ് കാനറ ബാങ്ക് ഈ സേവനം ആരംഭിച്ചത്. ഭീം ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കാനറ ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കാം. ഇതുവഴി കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഡിജിറ്റലായി പേമെന്റുകള്‍ നടത്താനും സൗകര്യമൊരുങ്ങും. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകളെ പോലെ തന്നെയാണിത്. പിഒഎസ് മെഷീന്‍ ഇല്ലാത്തിടങ്ങളിലും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേമെന്റുകള്‍ നടത്താനുള്ള സൗകര്യം റൂപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. കാനറാ ബാങ്ക് അവതരിപ്പിച്ച റൂപേ ക്ലാസിക്, റൂപേ പ്ലാറ്റിനം, റൂപേ സെലക്ട് എന്നീ മുന്നിനം ക്രെഡിറ്റ് കാര്‍ഡുകളും യുപിഐയുമായി ബന്ധിപ്പിക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കാനറാ ബാങ്ക് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കുമെന്ന് എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു. പ്രായഭേദമന്യേ യുപിഐ എല്ലാവരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജനപ്രിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായി മാറിയിട്ടുണ്ട്. യുപിഐയുടെ സ്വീകാര്യതയും റൂപേ ക്രെഡിറ്റ് കാര്‍ഡിനെ കരുത്തും ഉപയോഗിച്ച് രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ കാനറാ ബാങ്കുമായുള്ള ഈ പങ്കാളിത്തം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Report : Divya Raj.K

Author