കൊല്ലം: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവര്‍ക്ക് ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ഈ വര്‍ഷം ജനുവരി മുതല്‍ ശസ്ത്രക്രിയ ചെയ്തവര്‍ക്കാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ജീവനം കിഡ്നി വെല്‍ഫെയര്‍ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കുന്നത്.
അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ അറിയിച്ചു. ഫൗണ്ടേഷന്റെ വാര്‍ഷിക പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
ജില്ലാ ആശുപത്രിയില്‍ നിലവില്‍ 20 ഡയാലിസിസ് യൂണിറ്റുകളാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ഇപ്പോള്‍ ഡയാലിസിസ് നടക്കുന്നത്. 10 യൂണിറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി നാലു ഷിഫ്റ്റുകളിലായി ദിനംപ്രതി 120 പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലാ ആശുപത്രിക്ക് പുറമേ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ജീവനം കിഡ്നി വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ സൗജന്യ ഡയാലിസിസ് നല്കിവരുന്നു.
നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിലും ജീവനം പദ്ധതി വ്യാപിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വൃക്കരോഗ ബാധിതര്‍ക്ക് മരുന്ന്, സൗജന്യ ഡയാലിസിസ്, സാമ്പത്തിക സഹായം, പ്രതിരോധ ചികിത്സ തുടങ്ങിയവ ഫൗണ്ടേഷന് ഏറ്റെടുത്തിട്ടുണ്ട്, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ജീവനം ഭരണസമിതിയിലേക്കും എക്സിക്യൂട്ടീവ് സമിതിയിലേക്കും തൃതല പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികളെ ചടങ്ങില്‍ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് ഫൗണ്ടേഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും 2020-21 വര്‍ഷത്തെ വരവ് ചെലവ് കണക്കും 2021-22 വര്‍ഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു.