കെഎസ്ആർടിസി ന്യൂസ് ലെറ്റർ ആനവണ്ടി.കോം ഗതാഗതമന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസിൽ നിന്നാണ് മന്ത്രി ആദ്യ പ്രതി സ്വീകരിച്ചത്.
ജീവനക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആനവണ്ടി.കോം പ്രസിദ്ധീകരിക്കുന്നതെന്ന് ബിജു പ്രഭാകർ പറഞ്ഞു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുമായുള്ള അഭിമുഖം, ഗ്രാമവണ്ടി, സിറ്റി സർക്കുലർ തുടങ്ങി പുതിയ സംവിധാനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള വിവരണം, വനിത ജീവനക്കാരുടെ അനുഭവങ്ങൾ, ജീവനക്കാരുടെയും മക്കളുടെയും രചനകൾ തുടങ്ങി വൈവിദ്ധ്യപൂർണമായ 52 കളർ പേജുകളിലാണ് ന്യൂസ് ലെറ്റർ തയാറാക്കിയിരിക്കുന്നത്. 30,000 ത്തോളം ജീവനക്കാർക്ക് സൗജന്യമായി വിതരണം ചെയ്യും.
ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആർ ചന്ദ്രബാബു, ജിപി പ്രദീപ്കുമാർ, ഗസ്റ്റ് എഡിറ്റർ ആർ. വേണുഗോപാൽ, എച്ച്ആർ മാനേജർ ഷൈജു ആർ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷീന സ്റ്റീഫൻ, ഡിസൈനർ അമീർ എം, കോ-ഓർഡിനേറ്റർ അരുൺ ജി എസ്, ഇല്ലസ്ട്രേറ്റർ ബിനു വി എസ് എന്നിവർ പങ്കെടുത്തു.