കൊച്ചി : ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ബിസിനസുകൾക്കും വേണ്ടിയുള്ള ആഗോള റഫറൽ മാർക്കറ്റിംഗ് സംഘടനയായ ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണൽ (ബിഎൻഐ) ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബിഎൻഐ സ്ഥാപകനും ചീഫ് വിഷനറി ഓഫീസറുമായ ഡോ. ഇവാൻ മിസ്നർ ഇന്ത്യയിലെത്തി സംരംഭകരുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയതലത്തിൽ 121 നഗരങ്ങളിലെ 1080 ചാപ്റ്ററുകളിലായി 50830 അംഗങ്ങളുള്ള ബിഎൻഐ, അംഗങ്ങൾക്ക് ഉതകുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുകയും ബിസിനസ് വളർച്ചയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന സംഘടനയാണ്. സംരംഭക മേഖലയിൽ വൈദഗ്ധ്യം നേടിയ ആളുകളുടെ ക്ലാസുകളും ബിഎൻഐ അംഗങ്ങൾക്ക് ലഭ്യമാക്കുന്നു. കേരളത്തിൽ 110 ചാപ്റ്ററുകളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള ബിഎൻഐ, 2.86 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തികവർഷം സൃഷ്ടിച്ചത്.
സംരംഭകത്വ പരിശീലനം വഴി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ ബിഎൻഐക്ക് സാധിക്കുന്നതായി ഡോ. ഇവാൻ മിസ്നർ പറഞ്ഞു. “കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30516 കോടി രൂപയുടെ ബിസിനസ് വോളിയം ഞങ്ങളിലൂടെ സാധ്യമായി. പ്രദേശങ്ങളെ വ്യത്യസ്ത മേഖലകളാക്കിതിരിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിലൂടെ സംരംഭങ്ങളുടെ സഹകരണവും വളർച്ചയും ഉറപ്പാക്കാൻ കഴിയുന്നു. ഇന്ത്യയുടെ മറ്റിടങ്ങളിലേക്ക് ബിഎൻഐയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Report : Sneha Sudarsan