സണ്ണിവെയ്ല്‍:സണ്ണിവെയ്ല്‍ (ടെക്‌സസ്) മേയര്‍ സ്ഥാനത്തേക്ക് മെയ് ഒന്നിന് നടന്ന സ്‌പെഷ്യല്‍ ഇലെക്ഷനില്‍ സജി ജോര്‍ജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോര്‍ജ്.
2013 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടേം മേയര്‍, മേയര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച സജി ജോര്‍ജ് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും എതിരില്ലാതെയാണ് മേയര്‍ പദവി നിലനിര്‍ത്തിയത്. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ല്‍ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിര്‍ത്തി സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സജി പ്രവര്‍ത്തിക്കുന്നത് .
ടെക്‌സസ്സിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ല്‍. ടെക്‌സസില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈസ്ക്കൂളുകളില്‍ ഒന്നാണ് സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അപ്പാര്‍ട്ടുമെന്റും, ബസ്സ് സര്‍വ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ല്‍ സിറ്റി ഇതുവരെ നിലനിര്‍്ത്തിയിട്ടുണ്ട്..
ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയില്‍ 68.4 ശതമാനത്തിലധികം വൈറ്റ്‌സും, 20.6% ഏഷ്യന്‍ വംശജരുമാണ്. 2012 ല്‍ ഡി.മേഗസില്‍ നോര്‍ത്ത് ടെക്‌സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്‌ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ല്‍ സിറ്റിയിലുള്ളത്.
28 വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാര്‍ത്ഥം കുടിയേറിയ സജി, ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫന്‍സ് കോണ്‍ട്രാക്ടിംഗ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ: ജയ ജോര്‍ജ്. മക്കള്‍: ആനി ജോര്‍ജ് , ആന്‍ഡ്രൂ ജോര്‍ജ്.