പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
ഡല്‍ഹി : കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെതിരെ മുന്‍ ഡ്രൈവറുടെ പഴയകാല മൊഴിയനുസരിച്ച് വീണ്ടും കേസെടുത്തത്. ആരോപണങ്ങളുടെ ശരശയ്യയില്‍ നില്ക്കുന്ന സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മനപൂര്‍വം
കള്ളക്കേസുകളുണ്ടാക്കുകയാണ്. സി.പി.എം ഗുണ്ടകള്‍ കൊലക്കത്തിയുമായി നില്ക്കുന്ന സ്ഥലത്തേക്ക് സുധാകരനെ കൊണ്ടു പോകാന്‍ ഗൂഡാലോചന നടത്തിയതിനാണ് ഡ്രൈവറെ നീക്കംചെയ്തത്. പുറത്താക്കിയതിന്റെ വിദ്വേഷം തീര്‍ക്കാന്‍ കാലങ്ങളായി വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരാളുടെ പഴയകാല മൊഴിയാലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അന്വേഷിക്കുന്നതില്‍ യാതൊരു വിരോധവുമില്ല. പക്ഷെ ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന് മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണം.
വിവിധ ആളുകളില്‍ നിന്നും ശേഖരിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസില്‍ വച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തല്‍. ജാഥ നടത്തുന്ന സമയത്ത് കലൂരിലെ ദേശാഭിമാനിയില്‍ രണ്ട് ദിവസം താമസിക്കാന്‍
സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാരുമല്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇത് കൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവര്‍ത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തയാളുടേതാണ് ഈ വെളിപ്പെടുത്തല്‍. അതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?
പത്ത് ലക്ഷം രൂപം എണ്ണിക്കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ സുധാകരനെതിരെ കേസെടുത്തത്. ഇവിടെ പത്ത് ലക്ഷമല്ല രണ്ടു തവണയായി രണ്ട് കോടി അമ്പത്തഞ്ച് ലക്ഷം കൊണ്ട് പോകുന്നത് കണ്ടെന്ന മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്നയാള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്തത്? ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയില്‍ നിന്ന് മാറി നിന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഡ്രൈവറുടെ മൊഴിയില്‍ സുധാകരനെതിരെ കേസെടുത്തവര്‍ പണം എണ്ണിത്തിട്ടപ്പെടുത്തി നല്കിയ ആളുടെ വെളിപ്പെടുത്തലില്‍ കേസെടുക്കാതിരിക്കുന്നത് ഇരട്ടനീതിയാണ്.
കെ. സുധാകരനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത മുഖ്യമന്ത്രി ദേശാഭിമാനി മുന്‍ പ്രത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തലിലും കേസെടുക്കണം. ഇതിനേക്കാള്‍ ഗുരുതര വെളിപ്പെടുത്തലുണ്ടെന്നാണ് ശക്തിധരന് പറയുന്നത്. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നുമുണ്ട്. പണം എങ്ങോട്ടാണ് കൊണ്ടു പോയതെന്നും എവിടെ നിന്നാണ് പണം കിട്ടിയതെന്നും അന്വേഷിക്കണം. ഏത് മന്ത്രിയുടെ കാറിലാണ് പണം കൊണ്ട് പോയത് എന്ന് ശക്തിധരന് തന്നെ വെളിപ്പെടുത്തട്ടെ. ദേശാഭിമാനിക്ക് ചെമ്പോല, കൈതയോല തുടങ്ങി ഓലകളോട് ഒരു പ്രത്യേക സ്നേഹമാണ്.
ലീഡ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബംഗലുരുവിലൈ മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ രവിശങ്കര്‍ ഗുരുതരമായ വെളിപ്പെടുത്തലാണ് പിണറായി വിജയനെതിരെ നടത്തിയിരിക്കുന്നത്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് 1500 ഏക്കര്‍ സ്ഥലം തമിഴ്നാട്ടിലും കേരളത്തിലും സ്വന്തമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. 2018-ല്‍ നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഈ സ്ഥലങ്ങളെ തരം മാറ്റുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു. അന്ന് പ്രതിപക്ഷം ഭേദഗതി ബില്‍ കീറിയെറിഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം. അല്ലെങ്കില്‍ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകണം. വെളിപ്പെടുത്തലുകള്‍ നിരവധിയുണ്ട്. മാധ്യമ പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് എതിരെ ആണെങ്കില്‍ എപ്പോഴോ കേസെടുത്ത് അന്വേഷണം നടത്തുമായിരുന്നു. ഭരണം കയ്യിലുണ്ടെന്ന് കരുതി കുറച്ച് പേര്‍ക്ക് മാത്രം നീതി നടപ്പാക്കുക, മറ്റുള്ളവര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുന്നതാണോ സര്‍ക്കാരിന്റെ രീതി?
സ്വപ്നയുടെ വെളിപ്പെടുത്തലിനാണോ മോന്‍സന്റെ വെളിപ്പെടുത്തലിനാണോ ശക്തിധരന്റെ വെളിപ്പെടുത്തലിനാണോ സുധാകരന് പുറത്താക്കിയ ഡ്രൈവറുടെ മൊഴിക്കാണോ വിശ്വാസ്യത? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ ആപ്പോള്‍ തന്നെ കേസെടുക്കും. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിനും പൊലീസിനും നിശബ്ദതയാണ്. ഇത് കാട്ടുനീതിയാണ്. ഇതേ കേരളമാണെന്നും ജനങ്ങള്‍ ഇതെല്ലാം നേക്കിക്കാണുന്നുണ്ടെന്നും ഓര്‍ക്കണം. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വന്ന 5 ഗുരുതര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടും.
റിട്ടയര്‍ ചെയ്ത ടീച്ചറിന്റെ ശമ്പളം വരെ വിജിലന്‍സ് അന്വേഷിക്കുന്നുണ്ടല്ലോ. സുധാകരന്റെ കുടുംബത്തിനെതിരായ അന്വേഷണത്തില്‍ കാട്ടിയ താല്പര്യം ഈ വെളിപ്പെടുത്തലിലും ഉണ്ടോയെന്ന് അറിയണം. ഒരു സര്‍ക്കാര്‍ ഒരു പോലുള്ള വിഷയങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ വിലയിരുത്തട്ടെ. ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.