പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ നീക്കം നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഡസംഘം; ഏക സിവില്‍ കോഡില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വര്‍ഗീയ അജണ്ട.
കോഴിക്കോട് : നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാന്‍ ശ്രമിക്കുന്നത്. സ്റ്റേറ്റിന് വേണ്ടി ഹാജരാകേണ്ട പ്രോസിക്യൂഷനെ വരെ ദുര്‍ബലപ്പെടുത്തുകയാണ്. വിചാരണ
തുടങ്ങുന്നതിന് മുന്‍പ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ്. പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടന്ന കേസാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. ലോകത്തുള്ള മലയാളികള്‍ മുഴുവനും സാക്ഷികളാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേല്‍ കയറി മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്ന ചിത്രം കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ലക്ഷക്കണക്കിന് മനുഷ്യര്‍ നേരിട്ട് കണ്ടൊരു കുറ്റകൃത്യം ലോകത്തുണ്ടായിട്ടില്ല. എന്നിട്ടും കുറ്റകൃത്യം നേരിട്ട് കണ്ട ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി നിയമ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. പൊലീസിനെ പോലെ സര്‍ക്കാര്‍ പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുകയാണ്.
പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരാണ് അടുത്ത ചെസ്റ്റ് നമ്പരെന്ന് സി.പി.എം നേതാക്കളെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷമാണ് വേട്ടയാടന്‍ തുടരുന്നത്. ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീട് റെയ്ഡ്
ചെയ്യുന്നതും സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുന്നതും അടുത്ത ഓണ്‍ലൈന്‍ മാധ്യമം പൂട്ടിക്കുമെന്ന് പറയുന്നതും ഓണ്‍ലൈനുകള്‍ പൂട്ടിച്ചു കഴിഞ്ഞാല്‍ മുഖ്യധാരാ മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തുമെന്ന് പറയുന്നതും വേണ്ടി വന്നാല്‍ ഗുണ്ടായിസം നടത്തുമെന്ന് പറയുന്നതും ശരിയല്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണത്ത തരത്തില്‍ എതിര്‍ക്കുന്നവരെയൊക്കെ അടിച്ചൊതുക്കുമെന്ന് ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏകാധിപത്യത്തിന്റെ നാളുകളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്നാണ് പിണറായി വിജയനോട് പറയാനുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധമുണ്ടാകും.
കേരളത്തില്‍ ഇരട്ട നീതിയാണ്. സി.പി.എം നേതാക്കള്‍ക്കെതിരെ മാത്രം കേസില്ല. കെ സുധാകരനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെയോ അത് പ്രചരിപ്പിച്ച എം.വി ഗോവിന്ദന് എതിരെയോ കേസെടുത്തോ? ദേശാഭിമാനി റെയ്ഡ് ചെയ്‌തോ? വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകനെ ചോദ്യം ചെയ്‌തോ? ദേശാഭിമാനിക്കും കൈരളിക്കും ഇതൊന്നും ബാധകമല്ല. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് നിയമം ബാധകമായിട്ടുള്ളത്. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്ന ഓണ്‍ലൈനുകളെല്ലാം അടച്ച് പൂട്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഭീഷണിയുണ്ട്. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കാതെ സര്‍ക്കാരിനും പിണറായിക്കും ‘മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിന്‍ മുഖം..’ എന്ന സ്തുതിഗീതങ്ങള്‍ പാടാന്‍ മാധ്യമങ്ങള്‍ തയാറായില്ലെങ്കില്‍ നിങ്ങളെയെല്ലാം സര്‍ക്കാര്‍ പൂട്ടിക്കുമെന്നാണ് ധാര്‍ഷ്ട്യത്തോടെ സി.പി.എം പറയുന്നത്. അതിനെ ജനാധിപത്യ കേരളം ഒന്നിച്ച് ചെറുക്കും. മാധ്യമങ്ങള്‍ സി.പി.എമ്മിനെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെയും പറയുന്നുണ്ട്. ഞങ്ങള്‍ മാധ്യമങ്ങളെ പൂട്ടിക്കാനൊന്നും ശ്രമിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം കവചമൊരുക്കി മാധ്യമങ്ങളെ സംരക്ഷിക്കും.
മനുഷ്യന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതിന് വേണ്ടിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ഒരാളുടെ മൂന്ന് തലമുറകളെ വരെയാണ് അശ്ലീലം പറയുന്നത്. ഇത്തരം സൈബര്‍ ആക്രമണങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നിയന്ത്രിക്കുന്നത്. ശാരീരികമായി ഇല്ലായ്മ ചെയ്യാന്‍ പറ്റാതെ വരുമ്പോഴാണ് മാനസികമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആരെയാണ് അടുത്തതായി പിടിക്കാന്‍ പോകുന്നതെന്ന് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കേരളത്തിന്റെ ജനാധിപത്യ ബോധത്തെ തകര്‍ക്കുന്ന ഗൂഡ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഗൂഡസംഘമാണ് പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. അതില്‍ പലരും പഴയ മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തന കാലഘട്ടത്തിലും അവര്‍ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.
ഏക സിവില്‍ കോഡില്‍ വൈകിയാണ് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതെന്നത് സി.പി.എം നരേറ്റീവാണ്. ഇപ്പോഴും വ്യക്തതയില്ലാത്തത് സി.പി.എമ്മിനാണ്. ഭോപ്പാലിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ഏക സിവില്‍ കോഡിനെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്ററി സമിതിയിലും കോണ്‍ഗ്രസാണ് ഏക സിവില്‍ കോഡിനെ എതിര്‍ത്തത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയുമായാണ് സി.പി.എമ്മും ഇറങ്ങിയിരിക്കുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇ.എം.എസാണ്. അതു നടപ്പാക്കാന്‍ വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷനോട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ പറഞ്ഞതും ഇ.എം.എസ്സാണ്. നയരേഖയില്‍ മാറ്റം വരുത്തിയെന്നും ഇ.എം.എസിന്റെ അഭിപ്രായമല്ല ഇപ്പോള്‍ പാര്‍ട്ടിക്കുള്ളതെന്നും ഇ.എം.എസിനെ തള്ളിപ്പറയുകയാണെന്നും തുറന്ന് പറയാന്‍ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ബി.ജെ.പിയുടെ കെണിയില്‍ വീഴാന്‍ തയാറല്ലെന്നും മുസ്ലീകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നതുമാണ് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട്. അതുകൊണ്ടാണ് തെരുവില്‍ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്.