2016-23 കാലയളവിൽ 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. 2011-16 കാലയളവിൽ അത് 34,123 കോടി രൂപയായിരുന്നു. അക്കാലയളവിൽ 26000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ 2016-23 കാലയളവിൽ 62000 തൊഴിലവസരങ്ങളാണുണ്ടായത്. ഐടി സ്പേയ്സിൽ 2016-11 കാലയളവിൽ ഉണ്ടായ വർദ്ധനവ് 4,575,000 ച.അടി ആയിരുന്നെങ്കിൽ 7,344,527 ച.അടി വർദ്ധനവാണ് 2016-23 കാലയളവിലുണ്ടായത്.
ഐടി മേഖലയുടെ ഉണർവിന്റെ കാരണം എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കിയ നൂതന പദ്ധതികളാണ്. മികച്ച മാർക്കറ്റിംഗ് സംവിധാനമൊരുക്കി ദേശീയ അന്തർദേശീയ കമ്പനികളെ നമ്മുടെ ഐടി പാർക്കുകളിലേയ്ക്ക് കൊണ്ടുവരാനും അവർക്ക് ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ മികച്ച രീതിയിൽ ഒരുക്കാനും കേരളത്തിനു ഇക്കാലയളവിൽ സാധിച്ചു.
ഐടി മേഖലയെ കൂടുതൽ മികവിലേയ്ക്ക് നയിക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ദേശീയപാതയോട് ചേർന്ന് കണ്ണൂർ മുതൽ തിരുവനന്തപുരം വരെ 5ജി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി 20 ചെറുകിട ഐടിപാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രധാന മൂന്നു ഐടി പാർക്കുകളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അവയിൽ നിന്നും അകലെയായി 5000 മുതൽ 50,000 ച.അടി വിസ്തൃതിയിൽ ഐടി സ്പേയ്സുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകിക്കഴിഞ്ഞു. ടെക്നോസിറ്റിയിലെ മിനി ടൗൺഷിപ്പ് പദ്ധതിയായ ക്വാഡും എത്രയും പെട്ടെന്നു സജ്ജമാക്കാനുള്ള നടപടികൾ ത്വരിതഗതിയിലാണ്.
ഇത്തരത്തിൽ കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി പരിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതികൾ ദൃഢനിശ്ചയത്തോടെ സർക്കാർ നടപ്പാക്കുകയാണ്. ഇതിനു മുൻപുള്ള എൽ ഡി എഫ് സർക്കാരുകളുടെ മികച്ച പ്രവർത്തനങ്ങൾ അക്കാര്യത്തിൽ നമുക്ക് മാർഗദർശിയായി നിൽക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്ക് ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ടെക്നോപാർക്കായിരുന്നു. കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും ഐടി മേഖലയുടെ വികാസം അനിവാര്യമാണെന്ന ഉറച്ച ബോധ്യത്തോടേയാണ് എൽ ഡി എഫ് പ്രവർത്തിച്ചു വന്നിട്ടുള്ളത്. ആ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെ കൂടൂതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു പോകും.