അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും : മന്ത്രി കെ. രാജന്‍

Spread the love

CPI undertakes chief whip post; K. Rajan to be appointed - KERALA - GENERAL | Kerala Kaumudi Online

പത്തനംതിട്ട ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു കാരണവശാലും പട്ടയം ലഭിക്കാതെ പോകരുത്. മുന്‍പില്‍ വന്നുനില്‍ക്കുന്ന ഓരോരുത്തരും സ്വന്തമാണെന്ന തോന്നല്‍ ഉണ്ടാകുകയാണെങ്കില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്നതാണു സര്‍ക്കാര്‍ നയം. നിയമത്തിന്റെ അതിര്‍ വരമ്പ് ലംഘിച്ചുകൊണ്ട് ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ പാടില്ല.

 

മതപരമോ, രാഷ്ട്രീയമോ ആയ ഒരു രീതിയിലുമുള്ള സ്വാധീനങ്ങളിലും വഴങ്ങാന്‍ പാടില്ല. അതുപോലെ തന്നെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരേണ്ട ഇടമാണ് വില്ലേജ് ഓഫീസുകള്‍. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കാനാണു ശ്രമിക്കുന്നത്. 40 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വില്ലേജ് ഓഫീസുകളില്‍ കുടുംബത്തിലേതെന്ന പോലെയുള്ള അന്തരീക്ഷം സൃഷ്ടിച്ചു ജനകീയമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കും.

നൂറു ദിവസത്തിനുള്ളില്‍ ഭൂനികുതി എവിടെ ഇരുന്നു കൊണ്ടും അടയ്ക്കാന്‍ സാധിക്കുന്ന രീതിയിലേക്കു സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരും. വില്ലേജ് ഓഫീസര്‍മാര്‍ക്ക് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പറ്റി ആലോചനയുണ്ട്. മറ്റു വകുപ്പുകളിലെന്ന പോലെ വില്ലേജ് അസിസ്റ്റന്റ് മുതല്‍ മുകളിലേക്കു മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. റീസര്‍വേ നടപടികള്‍ അതിവേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍വേ, രജിസ്ട്രേഷന്‍, റവന്യു നടപടികള്‍ യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് റീസര്‍വേ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നത്. അഴിമതി എല്ലാ മേഖലയിലും പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും അതിനെ മറികടക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ ഏഴ് മുതല്‍ റവന്യു സെക്രട്ടറിയേറ്റ് യോഗം ചേരും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് റവന്യു സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഇതിനുപുറമെ എല്ലാ മാസവും സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായും എല്ലാ രണ്ടു മാസം കൂടുമ്പോള്‍ വില്ലേജ് ഓഫീസര്‍മാരുമായും മന്ത്രി സംവദിക്കും. റവന്യു വകുപ്പിലെ പ്യൂണ്‍ മുതല്‍ മന്ത്രി വരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും റവന്യു മന്ത്രി പറഞ്ഞു.
എഡിഎം അലക്സ് പി തോമസ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, തിരുവല്ല ആര്‍ഡിഒ ബി. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *