നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ് : മന്ത്രി വീണാ ജോര്‍ജ്

Spread the love

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
· നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
· രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
· നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ,

ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
· എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
· രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
· അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
· അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം

നിപ വൈറസ്
ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാല്‍ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *