ക്ഷേമനിധി ബോര്‍ഡുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും അംഗത്വമുറപ്പാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒരു തൊഴിലാളിക്ക് പോലും ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വം ഇല്ലാതിരിക്കരുതെന്നതാണ് സര്‍ക്കാര്‍ നയം. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാ ക്ഷേമനിധി ബോര്‍ഡുകളും പരിശ്രമിക്കണം. തൊഴിലാളികള്‍ ഓഫീസുകളിലെത്തി അംഗത്വം എടുക്കുന്നതിന് പകരം സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് അംഗത്വം നല്കുന്ന നിലയുണ്ടാകണം.ഇതിനായി ബോധവത്ക്കരണപ്രവര്‍ത്തനങ്ങളും ജില്ലാതല അംഗത്വ രജിസ്ട്രേഷന് ക്യാമ്പുകള്‍ മുതലായവയും സംഘടിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്കി.
തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലായി നിലവില്‍ 67 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. അംഗങ്ങളായ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി അംഗത്വം സംബന്ധിച്ച കര്‍ശന പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.എല്ലാ ക്ഷേമനിധി ബോര്‍ഡുകളും അംഗങ്ങള്‍ക്ക് ഇരട്ട അംഗത്വമില്ലെന്ന് ഉറപ്പാക്കണം.ട്രേഡ് യൂണിയനുകളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.ഒരു തൊഴിലാളിക്ക് ഒരു ക്ഷേമനിധി ബോര്‍ഡില്‍ മാത്രം അംഗത്വമുറപ്പാക്കിയാല്‍ അര്‍ഹരായവരിലേയ്ക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിന് സൗകര്യമൊരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തും തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയുടെ തൊഴിലാളി നിയമങ്ങള്‍ പോലും നാല് കോഡുകളാക്കി മാറ്റുന്ന സ്ഥിതിയാണുള്ളത്. ഇതു സംബന്ധിച്ചുള്ള കേരളത്തിന്റെ നിലപാട് ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ക്ഷേമനിധി ബോര്‍ഡിന്റെ കേന്ദ്രീകൃത പരാതി പരിഹാര ആപ്ലിക്കേഷനും കോണ്‍ഫറന്‍സ് ഹാളും മന്ത്രി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ചെയര്മാന് എം.എസ്.സ്കറിയ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര, വാര്‍ഡ് കൗണ്‍സിലര്‍ സി.ഹരികുമാര്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍, ഹാബിറ്റാറ്റ് ശങ്കര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സജീവ്കുമാര്‍ കൃതജ്ഞതയര്‍പ്പിച്ചു. സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ ഹാബിറ്റാറ്റിനായിരുന്നു ഗാന്ധാരി അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ 11 സെന്റ് സ്ഥലത്ത് 5,440 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള 3 നില കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല.