അധ്യാപക തസ്തികയിൽ നിയമനം ലഭിച്ചിട്ടും ദീർഘകാല അവധിയിൽ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനിൽ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ദീർഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അധ്യാപക തസ്തികയിലേക്ക് മാറാൻ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അരുവിക്കര ഗവർമെന്റ് എച്ച് എസ് എസിൽ സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈൽ ഫോൺ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധ്യാപകർ സ്കൂളിൽ തന്നെയാണ് ജോലി ചെയ്യേണ്ടത് എന്ന ഉത്തമ ബോധ്യമാണ് സർക്കാരിന് ഉള്ളത് എന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാക്കി താമസിയാതെ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ആണ് സർക്കാരിന്റെ പദ്ധതി. ഇതിന് സമൂഹത്തിന്റെ ഒന്നാകെയുള്ള പിന്തുണ മന്ത്രി അഭ്യർത്ഥിച്ചു. പഠനോപകരണം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ക്ലാസ് നഷ്ടമാകരുത് എന്നാണ് സർക്കാരിന്റെ നിലപാട് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.