മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

Spread the love

സമരാഗ്നിയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (20/02/2024).

എക്‌സാലോജിക്കിന് എതിരെ 2021-ല്‍ ആരംഭിച്ച ഇ.ഡി അന്വേഷണം മറച്ചുവച്ചത് എന്തിന്? അന്വേഷണം തടസപ്പെട്ടത് സി.പി.എം- ബി.ജെ.പി ധാരണ പ്രകാരമല്ലേ?

മാസപ്പടി വിവാദത്തില്‍ അഞ്ച് പ്രധാന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണം;

1. മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. കര്‍ണാടക ഹൈക്കോടതി വിധിയില്‍ സി.എം.ആര്‍.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ്

ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിനു മുന്‍പ്, 2021 ല്‍ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് മൂന്ന് വര്‍ഷം ഇ.ഡി അന്വേഷണം മൂടിവച്ചത്? സി.പി.എം- ബി.ജെ.പി ധാരണ പ്രകാരമല്ലേ എക്‌സാലേജിക്കിന് എതിരായ ഇ.ഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാവുന്നതാണ്.

2. ഇന്‍കം ടാക്സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

3. സി.എം.ആര്‍.എല്ലിന് പുറമെ വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആര്‍.ഒ.സി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആര്‍.എല്ലിനെ കൂടാതെ എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോ?

4. എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

5. കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്നും നിന്നും എക്‌സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എം.പവര്‍ നല്‍കിയ വായ്പ മുഴുവനായി എക്‌സാലോജിക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രിവ്യക്തമാക്കുമോ?

അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഈ അഞ്ച് ചോദ്യങ്ങളും. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ഇല്ലെന്നത് മാധ്യമങ്ങളും നിയമസഭയില്‍ പ്രതിപക്ഷവും നിരന്തരം പറഞ്ഞതാണ്. എന്നാല്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ഉണ്ടെന്ന് പറയുന്ന ഏക വ്യക്തി കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമാണ്. സര്‍ക്കാര്‍

ആശുപത്രികളില്‍ മരുന്നില്ലെന്നും വലിയ വിലയുള്ള മരുന്നുകള്‍ രോഗികള്‍ പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആര്യോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും മരുന്ന്

വാങ്ങാന്‍ സാധിക്കുന്നില്ല. രൂക്ഷമായ മരുന്ന് ക്ഷാമമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വരും മാസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നുമാണ് കെ.ജി.എം.ഒ.എ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിവരയിടുന്നതാണ് ഈ കത്ത്. നിയമസഭയെയും കേരളത്തിലെ ജനങ്ങളെയും ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

സാധാരണക്കാരായ മനുഷ്യരാണ് സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസിലെത്തുന്നത്. അവിടെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള അവസരം വരെ പരാതിയുമായി എത്തുന്നവര്‍ക്കുണ്ട്. നവകേരള സദസില്‍ നടന്നതു പോലുള്ള നാടകമാണ് മുഖാമുഖം പരിപാടിയില്‍ നടക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കേണ്ടവരെ നേരത്തെ തീരുമാനിക്കുകയും അവര്‍ക്ക് മുന്‍കൂട്ടി ചോദ്യങ്ങള്‍ നല്‍കുകയും ചെയ്തു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു ചോദ്യം പോലും വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇനി ആരെങ്കിലും ചോദിച്ചാല്‍ അത് പുറത്ത് വരാതിരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അശ്ലവീലനാടകം ആവര്‍ത്തിക്കുകയാണ്. കേരളീയത്തിനും നവകേരളസദസിനും പിന്നാലെ മുഖാമുഖത്തിനും പണപ്പിരിവ് നടത്തുകയാണ്.

സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സി.പി.എം വിട്ടതും മറ്റൊരു പാര്‍ട്ടി ഉണ്ടാക്കിയതുമാണ് പ്രശ്‌നം. പാര്‍ട്ടി വിട്ട ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കൊലക്കേസിലെ ഗൂഡാലോചന സംശയാതീതമായി വിചാരണക്കോടതിയില്‍ തന്നെ തെളിയിക്കപ്പെട്ടു. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും വിചാരണക്കോടതി വെറുതെ വിട്ട രണ്ടു പേര്‍ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ചന്ദ്രശേഖരനെ ആകാശത്ത് നിന്നും ആരെങ്കിലും ഇറങ്ങി വന്ന് കൊലപ്പെടുത്തിയതല്ല. സി.പി.എമ്മിലെ കുഞ്ഞനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗൂഡാലോചന നടത്തിയാണ് ടി.പിയെ കൊലപ്പെടുത്തിയത്. കൊട്ടേഷന്‍ സംഘങ്ങളും നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്. പിന്നെ എന്ത് ന്യായമാണ് സി.പി.എം പറയുന്നത്?

Author

Leave a Reply

Your email address will not be published. Required fields are marked *