ഇല്ലിനോയ്: ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Spread the love
ഇല്ലിനോയ്  :  ഇല്ലിനോയ് പബ്ലിക്ക് എലിമെന്ററി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററി പഠിപ്പിക്കുന്നതിനുള്ള  ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ഒപ്പുവച്ചു. ടീച്ചിങ് ഇക്വിറ്റബള്‍ ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഹിസ്റ്ററി ആക്ടിലാണ് ഗവര്‍ണര്‍  ജെ. ബി  പ്രിറ്റ്‌സക്കര്‍ ഒപ്പുവച്ചത്.
ഇതോടെ ഈ ആക്ട് നടപ്പാക്കുന്ന അമരിക്കയിലെ ആദ്യ സംസ്ഥാനം എന്ന പദവി ഇല്ലിനോയ്ക്ക് ലഭിച്ചു. അമേരിക്കയില്‍ ഏഷ്യന്‍ അമേരിക്കന്‍സിനെതിരെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ സംഘടനകളും അഡ്വക്കസി ഗ്രൂപ്പുകളും ഇത്തരമൊരു നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇല്ലിനോയ് ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ രാം വില്ലവാലന്‍, സംസ്ഥാന  പ്രതിനിധി ജനിഫര്‍ ഗര്‍ഷോവിറ്റ്‌സ് എന്നിവരാണ് ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിങ് ജസ്റ്റിസ് – ഷിക്കാഗോയുമായി സഹകരിച്ചു ബില്ലിനു രൂപം നല്‍കിയത്. ഇവരോടൊപ്പം ഇല്ലിനോയിലെ 35 സംഘടനകളും ഒന്നിച്ചിരുന്നു.
ഇത്തരത്തിലുള്ള ഒരു ബില്ല് സ്റ്റേറ്റ് സെനറ്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഇല്ലിനോയ് സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ ഏഷ്യന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെനറ്ററായ വില്ലി വാളന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ മാതാപിതാക്കളുടെ മകനാണ്  വില്ലി വാളന്‍.
2022- 2023 സ്‌കൂള്‍ വര്‍ഷത്തില്‍ പുതിയ ബില്ല് പ്രാബല്യത്തില്‍ വരും. ബില്ലിനെ പിന്തുണച്ചു വിവിധ ഇന്ത്യന്‍- അമേരിക്കന്‍- ഏഷ്യന്‍ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
                                        റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *