ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ വിജയിക്കണം : വിന്‍സെന്റ് ഇമ്മാനുവേല്‍

Spread the love

ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, സഹായമെത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ജനസേവനമാണ് അവരുടെ ലക്ഷ്യം. ഈ നിര്‍വചനങ്ങളില്‍പ്പെടുന്ന യഥാര്‍ത്ഥ നേതാവാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ടെന്ന് പ്രശസ്ത നേതാവ് വിന്‍സെന്റ് ഇമ്മാനുവേല്‍ പ്രസ്താവിച്ചു.

ഫൊക്കാനയിലോ, ഇതര സംഘടനകളിലോ ഇന്നലെ പൊട്ടിമുളച്ച നേതാവല്ല ലീലാ മാരേട്ട്. നാലു ദശാബ്ദത്തിലേറെയായി നിരവധി അസോസിയേഷനുകളിലും, ഫൊക്കാനയിലും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാന കണ്‍വന്‍ഷനുകളും മറ്റും നടക്കുമ്പോള്‍ പണം സമാഹരിച്ച് സഹായം ചെയ്യുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ നേരില്‍ കണ്ടും, ഫോണ്‍ മുഖേനയും പരസ്യങ്ങളും സംഭാവനകളും ഒക്കെ സംഘടിപ്പിക്കുന്ന ലീലച്ചേച്ചിയെ ആര്‍ക്കാണ് മറക്കാനാവുക. പരസ്യം നല്‍കുന്നവരുമായി നിരന്തര ബന്ധം നിലനിര്‍ത്തുന്നുവെന്നതും ഇവരുടെ പ്രത്യേകയാണെന്നും വിന്‍സെന്റ് ഇമ്മാനുവേല്‍ ചൂണ്ടിക്കാട്ടി.

2008-ല്‍ ഫി്‌ലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ 3 മാസം കൊണ്ട് രജത ജൂബിലി സുവനീറിന്റെ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. സുവനീറിലെ പരസ്യ വരുമാനം കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിക്കാന്‍ ഒരു വലിയ പങ്കുവഹിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കുകയും പ്രശ്‌നം പരിഹരിക്കുംവരെ അതില്‍ ഇടപെടുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും എനിക്കും അവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ലീല മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്ന ഈ അവസരത്തില്‍ എല്ലാവരും ഓര്‍ക്കുക മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നവരെ ആണ്. എന്നാല്‍ അത്തരക്കാരെയല്ല വിജയിപ്പിക്കേണ്ടത് എന്നും ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ ഫൊക്കാനയ്ക്ക് ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയില്‍ ലീലാ മാരേട്ടിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം.

ഇക്കഴിഞ്ഞ ഒരു മാസം മുമ്പ് ബന്ധുക്കളും ഇമിഗ്രേഷനും ഇല്ലാത്ത ഒരു മലയാളി യുവാവ് ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ മരണപ്പെട്ടു. ഫൊക്കാനയിലെ ഇപ്പോഴത്തെ ഭരണസമിതിയോട് ഇടപെടണമെന്ന് പറഞ്ഞിട്ട് പ്രയോജനമില്ലാതെ വന്നപ്പോള്‍ കേസില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വേണ്ട ഒത്താശകള്‍ ചെയ്ത് ഒരാഴ്ചയ്ക്കകം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചു.

ഇലക്ഷനില്‍ ജയിക്കേണ്ടത് സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നവരേയാണ്. സംഘടനയ്ക്കും അതാണ് വേണ്ടത്. കണ്‍വന്‍ഷന്‍ മാത്രമല്ല സംഘടനയുടെ ലക്ഷ്യം. മലയാളി സമൂഹത്തിന്റേയും ഫൊക്കാനയുടേയും നന്മയ്ക്ക് ലീലാ മാരേട്ട് ജയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിന്‍സെന്റ് ഇമ്മാനുവേല്‍ എടുത്തുപറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *