ആലപ്പുഴ: കുടിവെള്ള വിതരണത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍, പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിട്ടി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ കേരള ജല അതോറിറ്റി നടപ്പിലാക്കുന്ന ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ആലപ്പുഴ നഗരസഭയിലെയും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെയും ജല വിതരണ ശൃംഖലയുടെ വിപുലീകരണ-നവീകരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം വഴിച്ചേരി ജലഅതോറിറ്റി ഡിവിഷന് ഓഫീസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ രണ്ടര ലക്ഷം ആളുകള്‍ക്ക്
കുടിവെള്ളം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 211.71 കോടി രൂപ ചെലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 2024 ല്‍ എല്ലാവര്ക്കും കുടിവെള്ളം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ റോഡ് വെട്ടിപ്പൊളിക്കാതെ ജലവിതരണ സംവിധാനം ഒരുക്കുന്നതിന് നടപടിയെടുക്കും. വായുവും ജലവും സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ജലവിഭവവകുപ്പ് തീരസംരക്ഷണം കുടിവെള്ളം എന്നിവ ഉറപ്പാക്കുന്നതിന് ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കും. കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുന്നതിന് പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും നിലവില്‍ എല്ലാ സമയത്തും ബന്ധപ്പെടുന്നതിനുള്ള പരാതി പരിഹാര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പി.പി.ചിത്തരഞ്ജന് എം.എല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എം.ആരിഫ് എം.പി, നഗരസഭാധ്യക്ഷ സൗമ്യാരാജ്, പഞ്ചായത്ത് പ്രസിഡന്റുുമാരായ ജി.ബിജുമോന്, പി.പി.സംഗീത, റ്റി.വി.അജിത്കുമാര്‍, നഗരസഭ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദുതോമസ് കളരിക്കല്‍, വാട്ടര്‍ അതോറിട്ടി ടെക്നിക്കല്‍ മെമ്പര്‍ ജി.ശ്രീകുമാര്‍, ചീഫ് എന്‍ജിനിയര്‍ ടി.എസ്.സുധീര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.ഷീജ എന്നിവര്‍ പ്രസംഗിച്ചു.