പീഡന പരാതി ഒതുക്കാന്‍ ശ്രമം ; മന്ത്രിക്കെതിരെ ശബ്ദരേഖ പുറത്ത്

Spread the love
പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചതായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണം. പരാതി ഒതുക്കാന്‍ മന്ത്രി ശ്രമിച്ചു എന്നതിന് തെളിവായി പരാതിക്കാരിയുടെ പിതാവായ എന്‍സിപി നേതാവിനെ മന്ത്രി വിളിക്കുന്ന ശബ്ദരേഖയും പുറത്തു വന്നു. പാര്‍ട്ടിയിലെ ഒരു നേതാവിനെതിരെയായിരുന്നു പീഡന ആരോപണം ഉന്നയിക്കപ്പെട്ടത്.
എന്നാല്‍ പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണെന്നും കാര്യമറിയാനാണ് വിളിച്ചതെന്നും പീഡനകേസാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. എന്നാല്‍ മന്ത്രിക്ക് കാര്യമറിയാമായിരുന്നുവെന്നും വിളിച്ചത് കൂടാതെ പല തവണ മന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടെന്നും മന്ത്രിയുടെ ഭാഗത്ത് നിന്നും അനീതിയാണ് ഉണ്ടായതെന്നും പീഡനത്തിനിരയായ പെണ്‍കൂട്ടി പറഞ്ഞു.
പെണ്‍കുട്ടി കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പണം വാങ്ങിയാണ് പെണ്‍കുട്ടി മത്സരിച്ചതെന്ന് പ്രചരിപ്പിക്കുകയും പണം വേണമെങ്കില്‍ താന്‍ തരാമെന്നു പറഞ്ഞ് എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗമായ നേതാവ് തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നല്ലരീതിയില്‍  അവസാനിപ്പിക്കണമെന്നാണ് മന്ത്രി ഫോണില്‍ പറയുന്നത്. മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ ബിജെപിയും യുഡിഎഫും രംഗത്ത് വന്നു കഴിഞ്ഞു. പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശ്രമിച്ചെന്ന ആരോപണം സര്‍ക്കാരിനേയും വെട്ടിലാഴ്ത്തിയിരിക്കുകയാണ്.
ആദ്യം എന്‍സിപി തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്. നിയമസഭാ സമ്മേളനം ഉടന്‍ ആരംഭിക്കാനിരിക്കെ പ്രശ്‌നത്തിന്റെ ഗൗരവം സിപിഎമ്മും മനസ്സിലാക്കുന്നു.
ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിലും എ.കെ ശശീന്ദ്രനെ കുടുക്കിയതും രാജിയിലേയ്ക്കു നയിച്ചതും ഒരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളായിരുന്നു. എന്നാല്‍ പരാതിക്കാരി പരാതിയില്‍ നിന്നു പിന്‍മാറിയതിനാലും നടന്നത് ഫോണ്‍ കെണിയായിരുന്നുവെന്ന വിവരം പുറത്തു വന്നതും ശശീന്ദ്രന് തുണയായി.
എന്നാല്‍ സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും സര്‍ക്കാര്‍ നടപടികളുമുണ്ടാകുന്ന ഈ സമയത്ത് ഉയര്‍ന്നിരിക്കുന്ന ആരോപണം മന്ത്രിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പ്.
em

Author

Leave a Reply

Your email address will not be published. Required fields are marked *