കല്യാശേരിയില്‍ നവ കേരള സദസിനെതിരെ പ്രതിഷേധിച്ച യുവജന സംഘടനാ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ അന്ന് കല്യാശേരി പൊലീസ് വധ ശ്രമത്തിന് കേസെടുത്തു. എന്നാല്‍ വധശ്രമത്തിന് കേസെടുത്ത സംഭവത്തില്‍, അത് വധശ്രമം ആയിരുന്നില്ലെന്നും രക്ഷാ പ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നും മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം നവകേരള സദസ് തിരുവനന്തപുരത്ത് എത്തുന്നതു വരെ വ്യാപകമായ അക്രമമാണ് സമാധാനപരമായി കരിങ്കൊടി കാണിച്ച ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായത്. ആലപ്പുഴയില്‍ പ്രതിഷേധിച്ച അജയ് ജ്യുവല്‍ കുര്യാക്കോസിനെയും തോമസിനെയും പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതിന് ഒരു തെളിവുമില്ലെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയിരിക്കുന്നത്. പരസ്യമായി മര്‍ദ്ദിക്കുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളും കണ്ടതാണ്. എന്തൊരു നീതിന്യായ സംവിധാനമാണ് കേരളത്തില്‍?
എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എറണാകുളം സി.ജെ.എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുത്തപ്പോള്‍ മുട്ടിടിച്ചു പോയ പൊലീസ് മുഖ്യമന്ത്രിക്കെതിരെ സത്യസന്ധമായ അന്വേഷണം നടത്തില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ സത്യസന്ധവും നിക്ഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുണ്ടാകണം. അന്വേഷണത്തില്‍ മുഖ്യമന്ത്രിയും പൊലീസ് മേധാവികളും ഉള്‍പ്പെടെയുള്ളവര്‍ അനാവശ്യമായി ഇടപെടരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.