ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ഇദംപ്രഥമമായി നടത്തുന്ന ക്രിസ്മസ് വിളംബര ഗാനസന്ധ്യയായ “ഹെവൻലി ട്രമ്പറ്റ്” അഥവാ “സ്വർഗ്ഗീയ കാഹളം” എന്ന ക്രിസ്മസ് ഗാനസന്ധ്യ നവംബർ മാസം മുപ്പതാം തീയതി വൈകുന്നേരം നാലു മണിക്ക് എൽമോണ്ടിലുള്ള സിറോ മലങ്കര കത്തോലിക്ക എപ്പാർക്കി ആഡിറ്റോറിയത്തിൽ (1510 DePaul Street, Elmont, NY 11003) വച്ച് നടത്തപ്പെടുന്നു.
ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പ്രോഗ്രാമിൻറെ ഉത്ഘാടനം നിർവ്വഹിക്കും. മുഖ്യാഥിതി മലങ്കര കാത്തോലിക്ക സഭയുടെ യൂ എസ്സ് എ-കാനഡ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് ക്രിസ്മസ് ദൂത് നൽകും.
ഹെവൻലി ട്രമ്പറ്റിലൂടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർത്തുന്ന ഈ രാവിൽ ക്രിസ്മസിൻ്റെ ചൈതന്യം ഉൾക്കൊള്ളുന്ന ശ്രുതിമധുരമായ ഗാനങ്ങൾ അവതരിപ്പിക്കുന്ന 140-അംഗ ഗായകസംഘത്തോടൊപ്പം 50-തോളം കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയുള്ള ജൂനിയർ കൊയറും ഗാനങ്ങൾ ആലപിക്കുന്നു. ക്രിസ്തുവിൻറെ തിരുജനനത്തെ ആവിഷ്ക്കരിക്കുന്ന സ്റ്റേജ് ഷോയും പരിപാടിയെ വർണ്ണാഭമാക്കും.
അമേരിക്കയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഇടവകകളുടെ കൂട്ടായ്മയായ മാർത്തോമ്മ നോർത്ത് ഈസ്റ്റ് ആർ എ സി-യുടെയും (Northeast RAC) നോർത്ത് ഈസ്റ്റ് റീജിയൺ ഡി. എസ്സ്. എം. സി. യുടെയും (DSMC) സഹകരണത്തോടെയാണ് ഈ പ്രോഗ്രാം ക്രമീകരിക്കുന്നത്. ആർ എ സി-യുടെ കമ്മിറ്റിയും ഭദ്രാസനത്തിലെ വടക്കുകിഴക്കൻ മേഖലയിലുള്ള സംഘടനകളുടെ ചുമതലക്കാരുമുൾപ്പെട്ട കമ്മിറ്റി പരിപാടിയുടെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്