പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (21/12/2024)
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; സമുദായ സംഘടനകള്‍ ഏത് നേതാവിനെ ക്ഷണിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് കോണ്‍ഗ്രസിനും യു.ഡി.എഫിനും; യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ അഭിമാനം; അമ്മായിഅമ്മയെ കാണാന്‍ പോകുകയാണോയെന്ന് കാറില്‍ പോകുന്നവരെ ആക്ഷേപിക്കുന്നത് സി.പി.എം പി.ബി അംഗത്തിന് ഇത് യോജിച്ചതാണോ?
കൊച്ചി : നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിക്ഷേപിച്ച പണം നല്‍കിയില്ലെന്നു മാത്രമല്ല, സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തി. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്റെ ഉദാഹരണമാണ്. സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍
പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തില്‍ പിടിച്ചെടുത്ത പല ബാങ്കുകളും തകര്‍ച്ചയെ നേരിടുകയാണ്. 21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം സി.പി.എം പിടിച്ചെടുത്തത്. അതില്‍ പല ബാങ്കുകളും പ്രതിസന്ധിയിലാണ്. ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഏറ്റവും കൂടുതലുള്ളത്. ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച്
പിടിച്ചെടുക്കുന്നത്. ഞങ്ങള്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും? പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പെരുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ്. അതിന്റെ തൊട്ടടുത്ത ദിവസം സി.പി.എമ്മിനെ കൊണ്ട് മാര്‍ച്ച് നടത്തിക്കും. ഇതോടെ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് ഭയമാകും. സി.പി.എം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍
തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എന്‍ വാസവനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തുന്നു. സഹകരണ മേഖല തകരുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവന്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നത്.
കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് കോണ്‍ഗ്രസിനും യു.ഡി.എഫിനുമാണ്. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിവിധ സമുദായ സംഘടനകളുമായി ബന്ധമുണ്ട്. എല്ലാവര്‍ക്കും ബന്ധമുണ്ടാകുമ്പോഴാണ് അതിന്റെ ഗുണഫലം കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ മതസംഘടനകളുമായും സമൂഹത്തിലെ പ്രമുഖരുമായും നല്ല ബന്ധമുണ്ടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് യു.ഡി.എഫ് ചെയര്‍മാനെന്ന നിലയില്‍ ഞാനാണ്. ഞങ്ങള്‍ എല്ലാവരും കൂടി ശ്രമിച്ചാല്‍ മാത്രമെ യു.ഡി.എഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനാകൂ.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന എനിക്ക് സന്തോഷവും അഭിമാനവും ഉണ്ടാക്കി. പിണറായി വിജയന്‍ മൂന്നാമതും ഭരണത്തില്‍ എത്തുമെന്നാണ് അദ്ദഹം കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 2026-ല്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. കഴിഞ്ഞ തവണ പറഞ്ഞ അഭിപ്രായം അദ്ദേഹത്തിന് മാറി. സംസ്ഥാനത്ത് ഉടനീളെ ആളുകളുടെ അഭിപ്രായം മാറുകയാണ്. വെള്ളാപ്പള്ളി നടേശനെ പോലെ പ്രമുഖനായ ഒരാള്‍ 2026-ല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകും എന്ന് പറഞ്ഞതില്‍ അഭിമാനവും സന്തോഷവും ഇത്രയും കാലത്തെ പ്രവര്‍ത്തനത്തില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്.
എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യമല്ലേ. കഴിഞ്ഞ തവണ ശശി തരൂരിനെ വിളിച്ചു. നേരത്തെ കെ. മുരളീധരനെയും ഉമ്മന്‍ ചാണ്ടിയെയും വിളിച്ചിട്ടുണ്ട്. ഒരു പ്രധാനപ്പെട്ട പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉണ്ടാകുന്നതില്‍ ഞങ്ങള്‍ക്കല്ലേ അതിന്റെ സന്തോഷം. അല്ലാതെ ഒരാളെ മാത്രം എല്ലാ പരിപാടിക്കും വിളിക്കാന്‍ പറ്റുമോ. ശിവഗിരിയിലെ പ്രധാപ്പെട്ട സമ്മേളനത്തിലും ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷനിലും ഞാന്‍
പങ്കെടുക്കുന്നുണ്ട്. ഇന്നലെയും ക്രൈസ്തവരുടെ പരിപാടിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ മുന്‍നിരയിലെ നേതാക്കളെയും ജനപ്രതിനിധികളെയും ഓരോ സംഘടനകളും ക്ഷണിക്കുമ്പോള്‍ സന്തോഷമാണ്. ഞങ്ങളെ ആരും മാറ്റി നിര്‍ത്തുന്നില്ല. ഞങ്ങള്‍ അഭിഭാജ്യ ഘടകമാണെന്ന് അവര്‍ക്ക് തോന്നിയതു കൊണ്ടല്ലേ. ആരെ വിളിക്കണമെന്ന് സംഘടനകളല്ലേ തീരുമാനിക്കുന്നത്. അവര്‍ക്ക് ഏറ്റവും അടുപ്പവും ബന്ധവുമുള്ളവരെ ക്ഷണിക്കുന്നത് സ്വാഭാവികമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ എല്ലാവരും കൂടി ഇത് ചര്‍ച്ച ചെയ്യുന്നതെന്നു മാത്രം എനിക്ക് മനസിലാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ സംഘടനകള്‍ പരിപാടികള്‍ക്ക് വിളിക്കുന്നതിനെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്.
ഞാന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിക്കാറുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിക്കാന്‍ അധികാരമുള്ളതു പോലെ തന്നെ പ്രതിപക്ഷ നേതാവും വിമര്‍ശിക്കപ്പെടും. പ്രതിപക്ഷ നേതാവ് പറയുന്നത് ശരിയല്ലെന്നും നാക്കില്‍ നിന്ന് വരുന്നത് ശരിയല്ലെന്നും പരിണിതപ്രജ്ഞനായ ഒരു നേതാവ് പറഞ്ഞാല്‍ അത് പരിശോധിക്കും. കറക്ട് ചെയ്യേണ്ടതാണെങ്കില്‍ കറക്ട് ചെയ്യും. അതുകൊണ്ടു തന്നെ ഈ അടുത്തകാലത്ത് എവിടെയെങ്കിലും നാക്കു പിഴ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അരനൂറ്റാണ്ട് കാലത്തെ പഴക്കമുള്ള നേതാവൊന്നുമല്ലല്ലോ. അതുകൊണ്ടു തന്നെ തെറ്റുകളൊക്കെ ഉണ്ടായിട്ടുണ്ടാകും. തെറ്റുകള്‍ മനുഷ്യസഹജമാണ്. വിമര്‍ശനത്തെ പോസിറ്റീവായി എടുത്താല്‍ മതി. വി.ഡി സതീശന്റെ നാക്ക് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് ഞാന്‍ അദ്ദേഹത്തിന്റെ മെക്കിട്ടു കയറുന്നത് എന്തിനാണ്. അദ്ദേഹം എത്രയോ സീനിയര്‍ ആയ, പ്രായമുള്ള ആളാണ്. അദ്ദേഹം സതീശന്റെ നാക്ക് ശരിയല്ലെന്നു പറഞ്ഞാല്‍ ഞാനല്ലേ പരിശോധിക്കേണ്ടത്. എന്നെ വിമര്‍ശിക്കാന്‍ പാടില്ലെന്നും വിമര്‍ശനത്തിന് അതീതനാണെന്നും പറയാന്‍ പാടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വിമര്‍ശിക്കുന്നത് പ്രതിപക്ഷ നേതാവായിരിക്കും. അങ്ങനെയുള്ള പ്രതിപക്ഷ നേതാവിനെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറയില്ല. വെള്ളാപ്പള്ളി എല്ലാ പറയുന്ന ആളാണ്. യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും പറഞ്ഞു. അതില്‍ അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടമുള്ള ആളുടെ പേര് പറഞ്ഞു. അതില്‍ എന്താണ് കുഴപ്പം. അദ്ദേഹം ഓഫ് ഹാന്‍ഡ് ആയി എന്തും പറയുന്ന ആളാണ്. അക്കൂട്ടത്തില്‍ ഇതും പറഞ്ഞു.
ഞാന്‍ ആരുമായും പിണക്കത്തിനില്ല. മതനേതാക്കളുമായും സമുദായ നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്തും. അവര്‍ക്ക് ഒരു ആവശ്യം വന്നാല്‍ അവരുടെ ഒപ്പമുണ്ടാകും. എന്നാല്‍ സെക്യുലര്‍ പൊസിഷനിങാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഒരു സമുദായത്തെയും മാറ്റി നിര്‍ത്തില്ല. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തും. ഇന്ത്യ സെക്യുലറിസം തന്നെ മത നിരാസമല്ല, മതങ്ങളെ ചേര്‍ത്ത് നിര്‍ത്തലാണ്. ഞാന്‍ ആ സെക്യുലര്‍ പൊസിഷനാണ് എടുത്തിരിക്കുന്നത്. എന്റെ പാര്‍ട്ടിയുടെ പൊസിഷനും അതാണ്. യു.ഡി.എഫിന്റെയും നിലപാട് അതാണ്. മുനമ്പം വിഷയത്തില്‍ എത്ര ഉത്തരവാദിത്തത്തോടെയാണ് കോണ്‍ഗ്രസും മുസ്ലീംലീഗും യു.ഡി.എഫ് പാര്‍ട്ടികളും ഇടപെട്ടത്. ചില കാര്യങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണ്. .
എന്‍.എസ്.എസിന് എന്തെങ്കിലും അകല്‍ച്ച ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാവരുമായി നല്ല ബന്ധമാണ്. അവരെ ആരെയും ഞാന്‍ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. എന്‍.എസ്.എസിനെ അഭിനന്ദിച്ച് മാത്രമെ സംസാരിച്ചിട്ടുള്ളൂ. ശബരിമല വിവാദ കാലത്ത് സംഘ്പരിവാര്‍ ശക്തികള്‍ എന്‍.എസ്.എസിലേക്ക് നുഴഞ്ഞു കയറാന്‍ ഒരു ശ്രമം നടത്തി. അന്ന് അവരെ അടിച്ചതിനകത്ത് കയറ്റാതെ പുറത്തു നിര്‍ത്താന്‍ തീരുമാനം എടുത്ത നേതൃത്വമാണ് എന്‍.എസ്.എസിനുള്ളത്. ഇന്ത്യയിലെ നിരവധി ഹൈന്ദവ സംഘടനകളെ സംഘ്പരിവാര്‍ വിഴുങ്ങിയപ്പോഴും അവരെ അകത്തേക്ക് കയറ്റാതെ ധീരമായ തീരുമാനം എടുത്ത നേതൃത്വമാണ് എന്‍.എസ്.എസിനുള്ളത്. അവരെ അഭിനന്ദിച്ചാണ് സംസാരിച്ചത്. അല്ലാതെ അവരുമായി ഒരു പ്രശ്‌നവുമില്ല.
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരുന്നാല്‍ മതിയെന്നാണ് പണ്ട് ഞാന്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ അവര്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുത്. നമ്മള്‍ അവരെ ചീത്തയാക്കരുത്. അവരൊക്കെ നല്ല മനുഷ്യരാണ്. നമ്മള്‍ പോയി സ്വാര്‍ത്ഥകാര്യങ്ങള്‍ക്കു വേണ്ടി അവരെ സ്വാധീനിച്ച് വഷളാക്കരുതെന്നാണ് അന്ന് പറഞ്ഞത്. അമിതമായി രാഷ്ട്രീയകാര്യങ്ങളില്‍ മതസംഘടനകള്‍ ഇടപെടുമ്പോള്‍, രാഷ്ട്രീയവും മതവും തമ്മില്‍ പ്രത്യേകമായ അകലം വേണമെന്ന് കരുതുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അവരുമായുള്ള ബന്ധത്തിനോ പരിപാടിക്ക് പോകുന്നതിനോ ഒരു തടസവുമില്ല. എല്ലാവരുടെയും പരിപാടിക്ക് പോകാറുണ്ട്. ഞാന്‍ എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും പരിപാടിക്ക് പോകാറുണ്ട്. ഈ ആഴ്ച തന്നെ എന്‍.എസ്.എസിന്റെ പരിപാടിയുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും പരിപാടിക്ക് പോകും. ക്രിസ്മസ് സീസണില്‍ എല്ലാ ക്രൈസ്തവ വിഭഗങ്ങളും പരിപാടികള്‍ക്ക് വിളിച്ചിട്ടുണ്ട്. ചങ്ങനശേരിയിലും കാഞ്ഞിരപ്പള്ളിയിലും പരിപാടിക്ക് പോയി. തൃശൂര്‍ രൂപതയുടെ പരിപാടിക്കും വിളിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെയും മാര്‍ത്തോമ്മ ചര്‍ച്ചിന്റെയും പൊന്തകോസ്ത് ചര്‍ച്ചിന്റെയും പരിപാടിയുണ്ട്. എസ്.വൈ.എസിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനും വിളിച്ചിട്ടുണ്ട്. ഹിന്ദുമത കണ്‍വെന്‍ഷനിലേക്ക് മുഖ്യാതിഥിയായി വിളിച്ചിട്ടുണ്ട്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യാതിഥി ഞാനാണ്. അതിലൊക്കെ എന്താണ് പ്രശ്‌നം.
നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഞങ്ങളെല്ലാം നല്ല ധാരണയിലും ബന്ധത്തിലുമാണ്. നേതാക്കള്‍ തമ്മില്‍ വഴക്കോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. ഒന്നിച്ചാണ് പരിപാടികളില്‍ പങ്കെടുക്കുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതും. എല്ലാ ദിവസവും ഫോണില്‍ സംസാരിക്കും. കണ്ടാല്‍ മിണ്ടാത്തതും ബഹളവുമൊക്കെ സി.പി.എമ്മിലാണ്. ഇപ്പോള്‍ ഗ്രൂപ്പുകളുടെ അതിപ്രസരം ഇല്ലാതായി. എല്ലാ നേതാക്കളും തമ്മില്‍ നല്ല ബന്ധത്തിലാണ് പോകുന്നത്. ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിനെ തിരിച്ചു കൊണ്ടുവരാനാകും. അതിനു വേണ്ടിയാണ് പ്രയത്‌നിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ലീഡര്‍ഷിപ്പില്‍ ഇരിക്കുന്ന ഞാന്‍ ഇറങ്ങിയാല്‍, പിന്നെ യു.ഡി.എഫും കോണ്‍ഗ്രസും തിരിച്ചു വരില്ല. തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകുകയെന്നതാണ് ഉത്തരവാദിത്തം. തുടര്‍ഭരണത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന അസൈന്‍മെന്റാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ജനാധിപത്യ പാര്‍ട്ടി ആയതു കൊണ്ടു തന്നെ അഭിപ്രായങ്ങള്‍ വരും. പക്ഷെ ഇരുമ്പ് മറയുടെ അകത്തുണ്ടായിരുന്ന പാര്‍ട്ടിയിലേതു പോലുള്ള പ്രശ്‌നങ്ങളൊന്നും കോണ്‍ഗ്രസിലില്ല. എത്രയോ പേരാണ് ഇപ്പോള്‍ സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ ചേരുന്നത്. മാധ്യമങ്ങള്‍ അതൊന്നും കാണുന്നില്ല. ഏതെങ്കിലും അറിയപ്പെടാത്ത ആള്‍ കോണ്‍ഗ്രസ് വിട്ടാല്‍ അന്നത്തെ ദിവസം അഞ്ചാറ് മണിക്കൂര്‍ ചര്‍ച്ചയാണ്. എറണാകുളം ജില്ലയില്‍ തന്നെ എത്രയോ പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സി.പി.എമ്മുകാര്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് വാര്‍ത്ത നല്‍കാത്തത്?
വഞ്ചിയൂരില്‍ റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയതിനു ശേഷം നടത്തിയ പ്രസംഗത്തിലൂടെ സി.പി.എം ബപി.ബി അംഗം എ. വിജയരാഘവന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അമ്മായി അമ്മയെ കാണാന്‍ പോകുകയാണെന്ന് പറയുന്നത് എന്തൊരു ഭാഷയാണ്. റോഡിലൂടെ ബാങ്കിലും സ്‌കൂളിലുമൊക്കെ ആളുകള്‍ പോകും. മനുഷ്യര്‍ ഓരോ ആവശ്യത്തിന് കാറില്‍ പോകുമ്പോള്‍ അമ്മായി അമ്മയെ കാണാന്‍ പോകുകയാണോ എന്ന് ചോദിച്ച് ആക്ഷേപിക്കുന്നത് മര്യാദയാണോ? സി.പി.എം പി.ബി അംഗത്തിന് ഇത് യോജിച്ചതാണോ? ജനങ്ങളെ പരമാവധി ഉപദ്രവിക്കാതിരിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. ഹര്‍ത്താലിന് എതിരെ ഞാന്‍ വ്യക്തിപരമായി എടുത്തിരിക്കുന്ന നിലപാട് പാര്‍ട്ടി കൊണ്ടു കൂടി എടുപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. സംഘടിതമായി ചെന്ന് ആശുപത്രിയില്‍ പോകേണ്ടെന്നും സ്‌കൂളില്‍ പോകേണ്ടെന്നും പണിക്ക് പോകേണ്ടെന്നും പറയുന്നതില്‍ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന തോന്നലിലാണ് ഹര്‍ത്താലിനെതിരെ വ്യക്തിപരമായ നിലപാടെടുത്തത്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കുന്ന എന്തെങ്കിലും തെറ്റു പറ്റിയാല്‍ മാപ്പ് പറയണം. ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയെയും സ്വാഗതം ചെയ്യുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പരമാവധി ബോര്‍ഡുകള്‍ വയ്ക്കരുതെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള കോടതിയുടെ ഇടപെടലില്‍ നമ്മള്‍ കൂടി സഹകരിക്കണം. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അവരുടെ സങ്കടം മാറ്റുന്നതിനും അവരുടെ കണ്ണീരൊപ്പുന്നതിനുമുള്ള പ്രയത്‌നമാണ് രാഷ്ട്രീയപ്രവര്‍ത്തനം. അങ്ങനെയുള്ളവര്‍ ജനങ്ങളെ വെല്ലുവിളിക്കരുത്. തെറ്റുപറ്റും തെറ്റുപറ്റിയാല്‍ ക്ഷമ ചോദിക്കണം. അതില്‍ എന്താണ് കുഴപ്പം. ക്ഷമ ചോദിച്ചാല്‍ ചെറുതാവുകയല്ല, വലുതാകുകയെയുള്ളൂ. ക്ഷമ ചോദിച്ചാല്‍ ദേഷ്യം അലിഞ്ഞു പോകും. അതിന് പകരം അമ്മായി അമ്മയെ കാണാന്‍ പോകുകയാണോയെന്നു ചോദിക്കുന്നത് എന്തിനാണ്. ആരാണ് അമ്മായി അമ്മ. അമ്മയല്ലേ? ഞാന്‍ അമ്മയായാണ് കരുതുന്നത്.
വയനാട് പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട അപാകത പരിശോധിക്കും. അര്‍ഹരായ ഒരാള്‍ക്കും നീതിനിഷേധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തും. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ രാപ്പകല്‍ ഇല്ലാതെ ജനങ്ങള്‍ക്കൊപ്പമുണ്ട്.
പുനസംഘടന സംബന്ധിച്ച് ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് തീരുമാനം എടുത്ത് ആ വിവരം കെ.പി.സി.സി അധ്യക്ഷന്‍ അറിയിക്കും.