കോവിഡ്: അതീവ ജാഗ്രതയില്ലെങ്കിൽ അപകടം; അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്

Spread the love

ആഗസ്റ്റിൽ 33 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ

കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നമ്മൾ രണ്ടാം തരംഗത്തിൽ നിന്നും പൂർണ മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത നിലനിൽക്കുകയാണ്.

kerala preparation for covid third wave oxygen units

മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുംമുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരമാവധിപേർക്ക് നൽകി പ്രതിരോധം തീർക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സിൻ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീർക്കണം. വാക്‌സിൻ എടുത്താലും മുൻകരുതലുകൾ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഓക്‌സിജൻ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അവലോക യോഗം ചേർന്നു. രണ്ടാം തരംഗത്തിൽ കേരളത്തിൽ ഓക്‌സിജൻ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാൽ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാനത്തിന്റെ പദ്ധതികൾ, സി.എസ്.ആർ. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ പ്രവർത്തനസജ്ജമാക്കാൻ മന്ത്രി മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. ഇതിലൂടെ 77 മെട്രിക് ടൺ ഓക്‌സിജൻ അധികമായി നിർമ്മിക്കാൻ സാധിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *