സുവിശേഷ പ്രസംഗകനായിരുന്ന റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകൻ ജോനാഥൻ ലോട്സിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോൾ നില ഗുരുതരമായതോടെയാണ് കഴിഞ്ഞ ദിവസം ഐസിയു വില പ്രവേശിപ്പിച്ചത്.ഇയാൾ ഏത് ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഇരുപതാം നൂറ്റാണ്ടിൽ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ റവ.ബില്ലി ഗ്രഹാം അന്തരിച്ചത് 2018-ലാണ് .1983 ൽ പ്രസിഡൻഷ്യൽ മെഡൽ നേടിയിട്ടുള്ള അദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്.185 രാജ്യങ്ങളിൽ നിന്ന് 215 മില്യൺ ജനങ്ങൾക്കിടയിൽ അദ്ദേഹം ക്രിസ്‌തീയ മതപ്രചരണം നടത്തിയിരുന്നു.
1994 -2002 വരെ ലോട്സും മതകാര്യങ്ങളുമായി ബന്ധപ്പെട്ട് മുത്തശ്ശനൊപ്പം പ്രവർത്തിച്ചിരുന്നു. നിലവിൽ, ക്‌ളെമൻസിൽ ജോനാഥൻ ലോട്സ് മിനിസ്ട്രീസിന്റെ മേധാവിയാണ്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകനെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകാതെ ഓക്‌സിജൻ ലെവൽ കൂടാൻ പ്രാർത്ഥിക്കണമെന്ന് ലോട്സിന്റെ അമ്മയും റവ.ബില്ലി ബ്രഹാമിന്റെ അഞ്ചു മക്കളിൽ ഒരാളുമായ ആൻ ഗ്രഹാം ലോട്സ് അഭ്യർത്ഥിച്ചിരുന്നു. അർബുദത്തെ അതിജീവിച്ച ഇവർ, നോർത്ത് കരോലിനയിലെ ഏഞ്ചൽ മിനിസ്ട്രീസിന്റെ സ്ഥാപക കൂടിയാണ്.
ദൈവം പ്രാർത്ഥന കൈക്കൊണ്ടു എന്നാണ് മകൻ സുഖം പ്രാപിച്ചുവരുന്നതിനെക്കുറിച്ച് ആൻ പ്രതികരിച്ചത്.
കോവിഡ് സുഖപ്പെട്ടവരിലെ സ്വാഭാവിക പ്രതിരോധംകൊണ്ട് ഡെൽറ്റയെ നേരിടാനാവില്ല, വാക്സിൻ എടുക്കണം: മുൻ എച്ച്എച്ച്എസ് അസി. സെക്രട്ടറി
മുൻപ് കോവിഡ് പിടിപ്പെടുകയും സുഖപ്പെടുകയും ചെയ്തവരുടെ ശരീരത്തിൽ രോഗത്തിനെതിരെ പോരാടുന്ന ആന്റിബോഡികൾ ഉണ്ടെങ്കിലും അതുകൊണ്ട് ഡെൽറ്റ വകഭേദത്തെ നേരിടാൻ സാധിക്കണമെന്നില്ലെന്ന് മുൻ എച്ച്എച്ച്എസ് അസി. സെക്രട്ടറി ബ്രെറ്റ് ഗിറോയ്‌ർ അഭിപ്രായപ്പെട്ടു. വാക്സിൻ സ്വീകരിക്കാത്തവർക്ക് ഡെൽറ്റ വേരിയന്റ് പിടിപ്പെടാനുള്ള സാധ്യതയുണ്ടെന്നും കുത്തിവയ്പ്പ് സ്വീകരിക്കുന്നതാണ് സുരക്ഷിതമായ മാർഗമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നവർക്ക് രോഗം വന്നാൽ തന്നെയും ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമോ സങ്കീർണതകളോ 95% കുറവാണെന്നും ഗിറോയ്‌ർ ഓർമ്മപ്പെടുത്തി.
65 വയസ്സ് പിന്നിട്ടവർക്ക് പ്രതിരോധശേഷി കുറവായതിനാൽ വാക്സിന്റെ രണ്ട് ഡോസ് കൂടാതെ മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കൂടി നൽകുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഫ്ലൂവിനെതിരെ വർഷാവർഷം വാക്സിൻ എടുക്കുന്നത് നമുക്ക് അതിനെ പ്രതിരോധിക്കാൻ കഴിയാത്തതുകൊണ്ടല്ല മറിച്ച് ഫ്ലൂ -വിന് കാരണമാകുന്ന വൈറസിന് വ്യതിയാനം സംഭവിക്കുന്നത് കൊണ്ടാണ്. കോവിഡിന്റെ കാര്യത്തിലും ഇത് മനസ്സിലാക്കുക. ഡെൽറ്റ വകഭേദം കോറോണവൈറസിന് മാറ്റം സംഭവിച്ച് രൂപപ്പെട്ടതാണ്. അതിനെ പ്രതിരോധിക്കാൻ കൂടുതൽ കരുത്ത് വേണം.’ഗിറോയ്‌ർ വിശദീകരിച്ചു.
കോവിഡ്: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്
സിഡിസി ഈ ആഴ്ച ആദ്യം പുറത്തുവിട്ട പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, മാസ്ക് മാൻഡേറ്റ് വീണ്ടും ഏർപ്പെടുത്താനാണ് ശുപാർശ. ഫെഡറൽ-സംസ്ഥാന ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച് സിഡിസിയുടെ പുതിയ ശുപാർശ അവലോകനം ചെയ്യുകയാണ്. ഡെൽറ്റ വേരിയന്റ് മൂലം ന്യൂയോർക്ക് സ്റ്റേറ്റിലും രാജ്യത്തുടനീളവും കോവിഡ് കേസുകളുടെ വർദ്ധനവുണ്ട് , വ്യാപനം തടയാൻ സംസ്ഥാനം പുതിയ നടപടി സ്വീകരിക്കും.
തൊഴിലാളി ദിനത്തോടെ(Labour day), എല്ലാ സംസ്ഥാന ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കുകയോ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കുകയോ വേണം.
വാക്സിനേഷന്റെയും ടെസ്റ്റിംഗിന്റെയും ആവശ്യകത, ഡെൽറ്റ വകഭേദം വ്യാപിക്കുന്ന ഈ സമയത്ത് ജീവനക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സഹായിക്കും.
കൂടുതൽ ഷോട്ടുകൾ തുടർച്ചയായി ലഭിക്കുന്നത് ഇതിന് പ്രധാനമാണ്. നാമെല്ലാവരും ഒറ്റക്കെട്ടായി കോവിഡിനെതിരെയുള്ള പോരാട്ടം തുടരും.
* കോവിഡ് ബാധിച്ച് 611ആശുപത്രിയിൽ ചികിത്സ തേടി. 103,159 ടെസ്റ്റുകളിൽ 2,567പേരുടെ ഫലം പോസിറ്റീവായി.’
2.49 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഈ പോസിറ്റീവ് കേസുകളിൽ മുക്കാൽ ഭാഗവും ഡെൽറ്റ വേരിയന്റ് മൂലമാണ്. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.17 ശതമാനമാണ്. ഇന്നലെ ഐസിയുവിൽ 126 രോഗികളുണ്ടായിരുന്നു.
മരണസംഖ്യ: രണ്ട്.
* സിഡിസിയുടെ കണക്കു പ്രകാരം ന്യൂയോർക്ക് നിവാസികളിൽ 74.9 ശതമാനം പേർക്ക് കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 18,314 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ ആകെ 22,128,025 ഡോസുകൾ നൽകി, ന്യൂയോർക്ക് നിവാസികളിൽ 68.3 ശതമാനം പേർ അവരുടെ വാക്സിൻ പരമ്പര പൂർത്തിയാക്കി.
* സംസ്ഥാന സെനറ്റിലെയും അസംബ്ലിയിലെയും ജീവനക്കാർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ സ്ഥിരമായി പരിശോധനയ്ക്ക് വിധെയരായി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയോ വേണം.
* മഹാമാരിയുടെ പ്രതിസന്ധി ബാധിച്ച CUNY വിദ്യാർത്ഥികൾക്ക് CUNY കംബാക്ക് പ്രോഗ്രാം വഴി 125 മില്യൺ ഡോളർ വരെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും. കുറഞ്ഞത് 50,000 വിദ്യാർത്ഥികൾക്ക് ലോൺ അടയ്‌ക്കേണ്ട.
* കോവിഡിൽ നിന്ന് കരകയറാൻ റെസ്റ്റോറന്റുകളെ സഹായിക്കുന്നതിന് ന്യൂയോർക്ക് ടാക്സ് ക്രെഡിറ്റ് പ്രോഗ്രാം ആരംഭിച്ചു. 35മില്യൺ ഡോളറാണ് റെസ്റ്റോറന്റ് റിട്ടേൺ-ടു-വർക്ക് ടാക്സ് ക്രെഡിറ്റ് പ്രോഗ്രാം വഴി തൊഴിലാളികൾക്ക് നൽകുക.
തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിനും സാമ്പത്തിക ആശ്വാസം നൽകുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പ്രോഗ്രാം.
അർഹതയുള്ള റെസ്റ്റോറന്റുകൾക്ക് 5,000 ഡോളർ ടാക്സ് ക്രെഡിറ്റ് ലഭിക്കും,
ഫെഡറൽ ജീവനക്കാർ നിർബന്ധമായും വാക്സിൻ എടുക്കുകയോ കോവിഡ് പരിശോധനാഫലം സമർപ്പിക്കുകയോ വേണമെന്ന് ബൈഡൻ ഉത്തരവിട്ടു
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ഫെഡറൽ ജീവനക്കാർ നിർബന്ധമായും വാക്സിൻ എടുക്കുകയോ സ്ഥിരമായി കോവിഡ് പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ വേണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്‌ച ഉത്തരവിട്ടു. വാക്സിൻ കോവിഡിനെയും വകഭേദങ്ങളെയും നേരിടുന്നതിൽ ഫലപ്രദമാണെന്ന് രോഗവ്യാപനം കുത്തിവയ്പ്പ് സ്വീകരിക്കാത്തവർക്കിടയിലാണെന്നതിൽ നിന്ന് വ്യക്തമാണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.വാക്സിൻ സ്വീകരിച്ചവർ അപൂർവമായേ രോഗബാധിതർ ആകുന്നുള്ളൂ എന്നതിൽ നിന്ന് ബൂസ്റ്റർ ഷോട്ട് ഇല്ലാതെ തന്നെ പ്രതിരോധം സാധ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ ഫെഡറൽ ജീവനക്കാരും വാക്സിനേഷൻ സ്റ്റാറ്റസ് സമർപ്പിക്കുകയോ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണോ എന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം ജോലിസംബന്ധമായ യാത്രകൾ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞു.ഏകദേശം 2.1 മില്യൺ സിവിലിയൻ ഫെഡറൽ ജീവനക്കാർക്ക് ഉത്തരവ് ബാധകമാകുമെങ്കിലും 600,000 തപാൽ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 1.4 മില്യൺ ആക്റ്റീവ് ഡ്യൂട്ടി സൈനിക അംഗങ്ങളും ഉടൻ തന്നെ ഷോട്ടുകൾ എടുക്കാൻ നിർബന്ധിതരാകുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു .
‘വാക്സിനേഷൻ എടുക്കാത്ത എല്ലാ ഫെഡറൽ ജീവനക്കാരും മാസ്ക് ധരിക്കേണ്ടിവരും, സാമൂഹിക അകലം പാലിക്കുകയും വേണം.’
പ്രസിഡന്റ് വ്യക്തമാക്കി.
സിഡിസി ഡാറ്റ അനുസരിച്ച്,യുഎസിൽ 69.4 ശതമാനം ആളുകൾക്ക് കുറഞ്ഞത് ഒരു വാക്സിൻ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. 60.3 ശതമാനം പേർ വാക്സിനേഷൻ സീരീസ് പൂർത്തിയാക്കി.എന്നാൽ, രാജ്യത്തെ ചില പ്രദേശങ്ങളിൽ വാക്സിനേഷൻ നിരക്കിൽ ഗണ്യമായ കുറവുള്ളത് മറ്റൊരു തരംഗത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയുണ്ട്.
തിങ്കളാഴ്ച വെറ്ററൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് വാക്സിൻ മാൻഡേറ്റ് ഏർപ്പെടുത്തി. വാക്സിൻ നിർബന്ധമാക്കിയ ആദ്യ ഡിപ്പാർട്മെന്റാണിത്.
സ്‌കൂളുകൾ സുരക്ഷിതമായി തുറന്ന് പ്രവർത്തിക്കുന്നതിനും വാക്സിനേഷൻ പൂർത്തീകരിക്കേണ്ടത് ആവശ്യമാണെന്ന് ബൈഡൻ അറിയിച്ചു.
പുതിയതായി വാക്സിൻ എടുക്കുന്നവർക്ക് 100 ഡോളർ പാരിതോഷികം നൽകാനും പ്രസിഡന്റ് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും നിർദ്ദേശം നൽകി. മാർച്ച് മാസം പാസാക്കിയ 1.9 ട്രില്യണിന്റെ കോവിഡ് ദുരിതാശ്വാസ പാക്കേജിൽ നിന്ന് 350 ബില്യൺ ഡോളർ ഇതിനായി വകയിരുത്തും.
em