ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഇരയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയെ തള്ളി.
ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹം കഴിക്കാന്‍ ജാമ്യം നല്‍കില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവ് ഉചിതമെന്നും നിലപാടെടുത്തു. ഇളവ് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉഭയസമ്മത പ്രകാരമാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും അതിനാല്‍ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച് റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാന്‍ ഇടവരുമെന്നും തെറ്റായ കീഴ്വഴക്കമാകുമെന്നും കുറ്റവാളികള്‍ രക്ഷപ്പെടാനിടയാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.
പോക്‌സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തോലിക്കാ പുരോഹിതന്‍ പീഡിപ്പിച്ച സംഭവം. അന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു കുട്ടി. 2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂര്‍ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരിയെ കേസില്‍ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്.
മൂന്നു വകുപ്പുകളിലായി 60 വര്‍ഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്‌സോ കോടതിയുടെ വിധി. പത്തോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ റോബിന്‍ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ സുപ്രീം കോടതി തന്നെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.