വയനാട് : ഗുണനിലവാര പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം. 91.92 ശതമാനം മാര്‍ക്ക് നേടിയാണ് മുണ്ടേരി യു.പി.എച്ച്.സി രാജ്യത്തിന്റെ നെറുകയിലെത്തിയത്. മുണ്ടേരി വെയര്‍ഹൗസ് റോഡില്‍ 200 മീറ്റര്‍ അകലെുളള കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ സ്ഥലത്താണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6 വരെ ഒ.പി സേവനം ലഭ്യമാണ്. പബ്ലിക്ക് ഹെല്‍ത്ത് ഡിവിഷന്‍, ഇമ്മ്യൂണൈസേഷന്‍ സേവനം, ആന്റിനേറ്റല്‍ ക്ലിനിക്, ലാബ്, ഫാര്‍മസി, ഐ.യു.സി.ഡി റൂം, കാഴ്ച പരിശോധനയ്ക്കായി വിഷന്‍ സെന്റര്‍ എന്നിവയും ഹെല്‍ത്ത് സെന്ററിലുണ്ട്.
രണ്ട് മെഡിക്കല്‍ ഓഫിസര്‍മാര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, 6 ജെപിഎച്ച്എന്‍മാര്‍, 2 ക്ലീനിങ് ജീവനക്കാര്‍ എന്നിവരാണ് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലുള്ളത്.
വളരെ പരിമിതമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം നേടിയെടുക്കാനായത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പറഞ്ഞു. എം.എല്‍.എ ഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് 2500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. കേരളത്തില്‍ നിന്ന് തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചല്‍ കുടുംബാരോഗ്യകേന്ദ്രം, കൊല്ലം ഉളിയക്കോവില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയും മുണ്ടേരിക്കൊപ്പം എന്‍.ക്യു.എ.എസ്. അംഗീകാരം നേടി.