കാസര്‍കോട് : അനീമിയ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിന്‍ 12 പ്രചരണ പരിപാടിയുടെ സന്ദേശം ആഗസ്റ്റില്‍ സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ പതിപ്പിക്കും. കിറ്റുകളിലൂടെ സംസ്ഥാനത്തെ 85 ലക്ഷത്തോളം കുടുംബങ്ങളില്‍ അനീമിയ നിര്‍മാര്‍ജന സന്ദേശം ലഭ്യമാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നത്. സിവില്‍ സപ്ലൈസ് ഡിപ്പോകളിലും അഞ്ച് അങ്കണവാടി പ്രവര്‍ത്തകര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സന്ദേശം മുദ്രണം ചെയ്യുന്നത് ആരംഭിച്ചു കഴിഞ്ഞു. ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് സപ്ലൈകോ ഡിപ്പോകളിലും സബ് ഡിപ്പോകളിലുമായി ഒമ്പത് കേന്ദ്രങ്ങളിലാണ് ഈ പ്രവൃത്തി നടക്കുന്നത്.
വിവിധ ഐ.സി.ഡി.എസുകളില്‍ നിന്നുമുള്ള അഞ്ച് സി.ഡി.പി.ഒമാര്‍, 35 അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ ആഗസ്റ്റ് 30നകം ജില്ലയിലേക്കുള്ള മുഴുവന്‍ ഓണക്കിറ്റുകളിലും ക്യാമ്പയിന്‍ മുദ്ര പതിപ്പിക്കും. നിലവില്‍ 19,000 കിറ്റുകളില്‍ മുദ്രണം നടത്തി കഴിഞ്ഞു.
ജനുവരി 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പയിന്‍ 12 പരിപാടിയില്‍ ഓരോ മാസവും 12ന് വിവിധതരത്തിലുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വയോജനങ്ങള്‍, കൗമാരക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ആളുകള്‍ ജില്ലയില്‍ ഇതുവരെയായി ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി.