വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്

Spread the love

post

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണ്ണ സജ്ജരാവാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും  മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂര്‍വ തയ്യാറെടുപ്പ്  അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, ബിഎസ്എഫ്, സിആര്‍പിഎഫ്, അഗ്നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഒരു ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.

12ന് അര്‍ധരാത്രി 12 മണി മുതല്‍ കേരള തീരത്ത്  മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു.  ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുത്. നിലവില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിര്‍ദേശം നല്‍കി.

ന്യൂനമര്‍ദം രൂപപ്പെടുന്ന ഘട്ടത്തില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.  അപകടകരമായ അവസ്ഥയില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റും.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെടാന്‍ സാധ്യതയുണ്ട്.  കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങള്‍ ഉണ്ടാവാനും സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവന്‍ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനും വൈദ്യുതി വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഇത് ഉറപ്പാക്കും. അടിയന്തര  സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുഴുവന്‍ ആശുപത്രികളിലും ജനറേറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *