കൊല്ലം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. 19 വാര്‍ഡുകളെ മൂന്നു സോണുകളായി തിരിച്ച് രൂപീകരിച്ച കൂട്ടായ്മയില്‍ മൂന്നു പൊലീസുകാരുടെ സേവനം ലഭ്യമാക്കിയതായി സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ വാര്‍ഡ്തല സമിതികള്‍ക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താം. പഞ്ചായത്തില്‍ 332 രോഗികള്‍ ആണ് ഉള്ളത്. ഡി.സി.സിയില്‍ 33 പേരുണ്ട്.
പരവൂര്‍ നഗരസഭയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിന് ഹെല്‍ത്ത് സ്ക്വാഡിന്റെ പരിശോധനകള്‍ കര്‍ശനമാക്കിയതായി സെക്രട്ടറി എന്‍.കെ.വൃജ അറിയിച്ചു. മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഡബ്ലിയു.ഐ.പി.ആര്. കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇവിടെ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊഴിക്കര എഫ്.എച്ച്.സി. യുമായി ചേര്‍ന്ന് നഗരസഭയിലെ വാക്സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിക്കും. ഓണത്തിന് മുന്നോടിയായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
പനയം ഗ്രാമ പഞ്ചായത്തിലെ ഡി.സി.സിയില്‍ 13പേര് ചികിത്സയിലുണ്ട്. ഇതുവരെ 13126 പേര് കോവിഡ് പരിശോധനകള്‍ നടത്തി. 16132 പേര്‍ക്ക് വാക്സിനേഷന് നല്കി. ഹോമിയോ ആയുര്‍വേദ പ്രതിരോധ മരുന്നുകളുടെ വിതരണവും നടക്കുന്നുണ്ട്. ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കമല പഞ്ചായത്ത് ഫ്ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 45 രോഗികള്‍ ചികിത്സയിലുണ്ട്. ഹോമിയോ പ്രതിരോധമരുന്നുകളുടെ രണ്ടാംഘട്ടം വിതരണം ആരംഭിച്ചു. വാര്‍ഡുതല ആര്.ആര്.ടികളുടെ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു
പവിത്രേശ്വരത്ത് ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധനകള്‍ വ്യാപിപ്പിച്ചു. ശ്രീനാരായണപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വാക്സിനേഷന് പുരോഗമിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍, ആന്റിജന്‍ പരിശോധന കിറ്റ് തുടങ്ങിയവ കുടുംബരോഗ്യ കേന്ദ്രത്തിന് കൈമാറി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് നല്കിയ ആയുര്‍വേദ പ്രതിരോധ കിറ്റുകള്‍ വിതരണം നടന്നു. ഒരു വാര്‍ഡില്‍ 17 പേര്‍ക്ക് വീതം കിറ്റ് ലഭ്യമാക്കി. 60 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഓഗസ്റ്റ് 31നകം വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന്് വൈസ് പ്രസിഡന്റ് ജലജ ഗോപന് പറഞ്ഞു.
കരുനാഗപ്പള്ളി നഗരസഭയിലെ ഗവ. മോഡല്‍ ഹൈസ്കൂളിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ 100 പേര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി. വ്യാപകമായ പരിശോധനയും അണുനശീകരണ പ്രവര്‍ത്തനങ്ങളും വാര്‍ഡുതലത്തില്‍ നടത്തുന്നുണ്ട്.