കേരളത്തിലെ വോട്ട് കൊള്ള – രമേശ് ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം

1. രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽജി പുറത്തു കൊണ്ടുവന്ന വോട്ടു തട്ടിപ്പ് രാഷ്ട്രത്തെയാകെ ഞെട്ടിച്ചിരിക്കുകയാണല്ലോ. ജനാധിപത്യത്തേയും ജനഹിതത്തേയും അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നതിനുള്ള ഹീനമായ ശ്രമമാണ് നടന്നിരിക്കുന്നത്. ഇത് ഗുരുതരമായ രാജ്യദ്രോഹ കുറ്റമാണ്.
2. സത്യസന്ധവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന് ബാദ്ധ്യസ്ഥമായ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഈ അട്ടിമറിക്ക് ആയുധമായിരിക്കുന്നു എന്നത് രാജ്യം നേരിടുന്ന ആപത്തിൻ്റെ വ്യാപ്തി എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു.
3. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അഞ്ചു വർഷം മുൻപ് കേരളത്തിൽ സമാനമായ വോട്ട് തട്ടിപ്പ് നടക്കുന്നത്
ഞാൻ പുറത്തു കൊണ്ടുവന്നത് നിങ്ങൾ ഓർക്കുന്നുണ്ടാവും.

4. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് ഗുരുതരമായ വോട്ട് കൊള്ളയുടെ വിവരങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. 2021 മാർച് 17 ന് കെ.പി.സി.സി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഞെട്ടിക്കുന്ന ഈ വോട്ട് തട്ടിപ്പിൻ്റെ വിവരങ്ങൾ ഞാൻ ആദ്യം പുറത്തു വിട്ടു.
5. കാസർകോട്ടെ ഉദുമ നിയോജക മണ്ഡലത്തിലെ 61 വയസ്സുള്ള കുമാരി എന്ന വോട്ടറുടെ ഫോട്ടോയും വിലാസവും ഉപയോഗിച്ച് അഞ്ചു തവണ അതേ ബൂത്തിലും സമീപ ബൂത്തുകളിലും കള്ള വോട്ടുകൾ സൃഷ്ടിക്കപ്പെട്ടത് കണ്ടെത്തി. ഒരേ വോട്ടറുടെ പേരിൽ തന്നെ 5 വോട്ടേഴ്സ് ഐ.ഡി കാർഡുകളും വിതരണം ചെയ്തിരുന്നു.
6. ഇത് ഉദാഹരണം മാത്രമായിരുന്നു. ഇതേ പോലെ ലക്ഷക്കണക്കിന് വ്യാജ വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്.
7. ആദ്യ ദിവസത്തെ പത്രസമ്മേളനത്തിൽ തന്നെ ഈ തട്ടിപ്പിൻ്റെ വ്യക്തമായ തെളിവുകളും ഞാൻ പുറത്ത് വിട്ടിരുന്നു. വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോയും വിലാസവും പല തവണ ആവർത്തിച്ചതിൻ്റെ സ്ക്രീൻ ഷോട്ടുകളും പകർപ്പുകളും ഞാൻ പുറത്തു വിട്ടിരുന്നു.
8. കാസർകോട് മാത്രമല്ല,സംസ്ഥാനത്ത് വ്യാപകമായി ഇത് പോലെ കള്ളവോട്ട് സൃഷ്ടിക്കപ്പെട്ടതിൻ്റെ വിവരങ്ങളും ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ ഞാൻ പുറത്തു വിട്ടിരുന്നു. പ്രാഥമികമായി ആദ്യ ദിവസം പുറത്തു വിട്ട കള്ള വോട്ടുകളുടെ സംഖ്യ ഇപ്രകാരമാണ്.
കഴക്കൂട്ടം – 4506
കൊല്ലം- 2534
തൃക്കരിപ്പൂർ- 1436
കൊയിലാണ്ടി- 4611
നദാപുരം- 6171
കുത്തുപറമ്പ്- 3525
അമ്പലപ്പുഴ- 4750
9. സത്യത്തിൽ ആദ്യ ദിവസം ഞാൻ പുറത്തു കൊണ്ടുവന്ന ഈ കണക്കുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പരിശോധനയിൽ അമ്പരപ്പിക്കുന്ന തരത്തിലുള്ള വോട്ട് ഇരട്ടിപ്പുകളും കള്ള വോട്ടുകളുമാണ് കണ്ടെത്തിയത്.

10. ആകെ 4. 34 ലക്ഷം വോട്ട് ഇരട്ടിപ്പുകളോ വ്യാജ വോട്ടുകളോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ കണ്ടെത്തി. ഇതിൽ 3,24,291 കള്ളവോട്ടുകൾ ഒരേ മണ്ഡലത്തിനുള്ളിലും 1,09,693 കള്ളവോട്ടുകൾ മറ്റു മണ്ഡലങ്ങളിലും സൃഷ്ടിക്കപ്പെട്ടവയായിരുന്നു.
11. വ്യക്തമായ തെളിവുകളോടെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടർന്ന് ഞാൻ ഹൈക്കോടതിയെ സമീപിച്ചു.
12. ഇതിൽ 38,000 വോട്ടുകൾ ഇരട്ട വോട്ടുകളാണെന്ന് ഒടുവിൽ തിരഞ്ഞെടുപ്പു കമ്മീഷൻ സമ്മതിച്ചു. ശേഷിക്കുന്നവയുടെ കാര്യത്തിൽ സാങ്കേതിക പരിമിതികൾ കാരണം പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷൻ നിലപാടെടുത്തു.
13. തുടർന്ന് ഹൈകോടതി ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകൾ നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനും 2021 മാർച്ച് 31 ന് ഉത്തരവിട്ടു.
14. ഇതനുസരിച്ച് എത്ര വോട്ടുകൾ നീക്കം ചെയ്തു എന്ന് ഇപ്പോഴും വ്യക്തമല്ല. തിരഞ്ഞെടുപ്പു കമ്മീഷൻ ഇത് സംബന്ധിച്ച് അറിയിപ്പൊന്നും എനിക്ക് നൽകിയിട്ടില്ല.
15. യഥാർത്ഥത്തിൽ ഞങ്ങൾ അന്ന് കണ്ടെത്തുകയും തെളിവ് സഹിതം കമ്മീഷന് കൈമാറുകയും ചെയ്ത 4.34 ലക്ഷം വ്യാജ വോട്ടുകൾക്കപ്പുറം ഭീമമായ തോതിൽ തട്ടിപ്പ് നടന്നിട്ടുണ്ടാകാം എന്നാണ് അനുമാനിക്കേണ്ടത്. ഏതാണ്ട് 10 ലക്ഷത്തിലേറെ വ്യാജവോട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് അന്ന് കോൺഗ്രസ് പാർട്ടിയും യു.ഡി എഫും കണക്കു കൂട്ടിയത്.
16. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇത് ആവശ്യത്തിലേറെ മതിയാകും. അതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത്.

17. രാഹുൽജി തുറന്നു കാട്ടിയത് ബി.ജെ.പി.യുടെ ഭരണത്തിൻ കീഴിലെ വോട്ട് തട്ടിപ്പായിരുന്നെങ്കിൽ കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തിൻ കീഴിലാണ് ഈ തട്ടിപ്പ് നടന്നത്.
18. ബി.ജെ.പിയും സി.പി.എമ്മും അധികാരം പിടിക്കാൻ ഒരേ അട്ടിമറിയാണ് നടത്തുന്നത്. ഇതിനവർ പരസ്പരം സഹായിക്കുന്നു എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.
19. ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങൾ ഞാൻ തിരഞ്ഞെടുപ്പു കമ്മീഷനോട് ചോദിക്കുന്നു.
(ഒന്ന്). 2021ൽ ഞങ്ങൾ കണ്ടെത്തി തന്ന വ്യാജ വോട്ടുകളിൽ എത്രയെണ്ണം നീക്കം ചെയ്തു?
(രണ്ട്). വോട്ട് ഇരട്ടിപ്പ് ഉണ്ടെന്ന് കമ്മീഷൻ സമ്മതിച്ച സ്ഥിതിക്ക് അതിന് ഉത്തരവാദികൾ
ആരൊക്കെയാണെന്ന് കണ്ടെത്തിയോ? എന്ത് അന്വേഷണമാണ് പിന്നീട് നടത്തിയത്?
( മൂന്ന്). വോട്ട് ഇരട്ടിപ്പിന് ഉത്തരവാദികൾക്കെതിരെ എന്തു ശിക്ഷാ നടപടികൾ സ്വീകരിച്ചു ?
(നാല്). വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ അതിന് ശേഷം എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ?
( അഞ്ച്) ഞങ്ങൾ കണ്ടെത്തി തെളിവ് തന്ന 4.34 ലക്ഷം വ്യാജ വോട്ട് ഇപ്പോഴും പട്ടികയിൽ നില നിൽക്കുന്നുവോ?
( ആറ്) ലോക് സഭാ തിരഞ്ഞെടുപ്പിലും ഈ വ്യാജ വോട്ടുകൾ നില നിന്നോ? അതിൽ എത്ര വോട്ട് പോൾ ചെയ്യപ്പെട്ടു?
20. ഇവിടെ പ്രസക്തമാവുന്ന മറ്റൊരു കാര്യം ബി.ജെ.പി. ജയിച്ച തൃശ്ശൂർ മണ്ഡലത്തിൻ്റെതാണ്. വ്യാപകമായേ വോട്ട് തട്ടിപ്പിൻ്റെ വിവരങ്ങളാണ് അവിടെ നിന്ന് പുറത്തു വരുന്നത്. സി.പി.എമ്മിൻ്റെ അറിവില്ലാതെ വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുകയില്ല. അപ്പോൾ ബി.ജെ.പിയെ ജയിപ്പിക്കാൻ വേണ്ടി സി.പി.എം ബോധപൂർവം വോട്ടർ പട്ടികയിൽ തിരിമറി നടത്തിയതാണോ?
21. പൂരം കലക്കിയ മോഡലിൽ തൃശൂരിൽ വോട്ടർ പട്ടികയും കലക്കിയോ?