സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി

Spread the love

കോവിഡ് കാലത്തും ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാനായതായി മുഖ്യമന്ത്രി

തിരുവനന്തപുരം : സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കോവിഡ് മഹാമാരിക്കാലത്തും ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞതായി ഉദ്ഘാടനചടങ്ങില്‍ നല്‍കിയ സന്ദേശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പട്ടിണി കുറയ്ക്കാനും വിഷമതകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് തന്നെ ഇതിനുദാഹരണമാണ്. സാമ്പത്തിക അടിത്തറ തകരുകയും ഭക്ഷ്യവിഭവങ്ങള്‍ കിട്ടാതെയുമുള്ള അവസ്ഥ പല നാട്ടിലുമുണ്ടായെങ്കിലും കേരളത്തില്‍ അതില്ല.

കോവിഡിന്റെ ഒന്നാംഘട്ടത്തില്‍ മരുന്നിനു മാത്രമല്ല, വിശപ്പിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ കരുതലുണ്ടായിരുന്നു. ഇതിനായി കമ്യൂണിറ്റി കിച്ചനുകളും ജനകീയ ഹോട്ടലുകളും സംസ്ഥാനമാകെ പ്രവര്‍ത്തിച്ചു. ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായി നല്‍കി.

കോവിഡിന്റെ ഒന്നാംതരംഗത്തിന് ശേഷവും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാനായി. മാന്യരെന്ന് നടിക്കുന്ന ചിലര്‍ അതിനെ പരിഹസിക്കാനും തുനിഞ്ഞു. ഒരുകാലത്ത് ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിച്ച നാടാണ് നമ്മുടേതെന്ന ചരിത്രമറിയാത്തവരാണ് അവര്‍. അക്കൂട്ടരുടെ വിചാരം ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും പൊതുജനങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലൂടെയും തനേ ലഭിക്കുമെന്നതായിരിക്കും. അത്തരക്കാരോട് സഹതപിക്കാനേ നിര്‍വാഹമുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോ ഓണം ഫെയര്‍ ആഗസ്ത് 11 ബുധനാഴ്ച മുതല്‍ | Vision News

ഈ വറുതിക്കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതല ലാഭനഷ്ടം നോക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു.

ഭക്ഷ്യധാന്യ വിതരണത്തില്‍ മാത്രമല്ല, പൊതു വിപണിയിലും സര്‍ക്കാര്‍ ഇടപെടലുണ്ടായി. ഈ നയം മുന്‍നിര്‍ത്തിയാണ് സിവില്‍ സപ്ലൈസില്‍ 70 പുതിയ വില്‍പനശാലകള്‍ ആരംഭിച്ചതും 97 എണ്ണം നവീകരിച്ചതും. അതോടൊപ്പം സഹകരണമേഖലയുമായി യോജിച്ച് ഉത്വകാലങ്ങളില്‍ പൊതുവിപണിയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു. ഇതിന്റെ ഭാഗമായാണ് ഉത്സവകാലങ്ങളില്‍ വിലക്കയറ്റം അനുഭവപ്പെടാത്തതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

മറ്റേത് സംസ്ഥാനത്തേക്കാളും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കേരളത്തിനായതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യം കൃത്യമായി എത്തിക്കാന്‍ നടപടി സ്വീകരിച്ചു. ആരും പട്ടിണി കിടക്കാതിരിക്കാന്‍ അതിജീവനക്കിറ്റ് നല്‍കി. ഓണത്തിനുള്ള സ്‌പെഷ്യല്‍ കിറ്റ് ഇതിനകം 12,72,521 പേര്‍ വാങ്ങിയതായാണ് കണക്ക്. അനര്‍ഹരില്‍നിന്ന് തിരികെ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചു. ആദിവാസി മേഖലകളില്‍ നേരിട്ട് റേഷന്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വില്‍പനയും നിര്‍വഹിച്ചു.

ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സപ്ലൈകോ ചെയര്‍മാന്‍ അലി അസ്ഗര്‍ പാഷ, ഭക്ഷ്യ പൊതു വിതരണ ഡയറക്ടര്‍ ഡോ: ഡി. സജിത്ത് ബാബു, മുന്‍ എം.എല്‍.എ മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും.

ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില ചുവടെ (നോണ്‍ സബ്‌സിഡി വില ബ്രാക്കറ്റില്‍): ചെറുപയര്‍- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വന്‍പയര്‍- 45 (80), തുവരന്‍ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).

വിപണന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ഫെയര്‍ 20 വരെ പ്രവര്‍ത്തിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ആഗസ്റ്റ് 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം.

 

Author

Leave a Reply

Your email address will not be published. Required fields are marked *