എറണാകുളത്തിന് സർക്കാരിന്റെ ഓണസമ്മാനം പുതിയ കെഎസ്ആർ ടിസി ബസ്സ് സ്റ്റാൻഡ് നിർമ്മാണത്തിന് 12 കോടി രൂപ , പ്രഖ്യാപനം നടത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ

Spread the love

പുതിയ കെ എസ് ആർ ടി ബസ്സ് സ്റ്റാൻഡ് നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്കായി മന്ത്രി നടത്തിയ സന്ദർശനത്തിലാണ് പ്രഖ്യാപനം.

നഗരത്തിന്റെ തന്നെ മുഖച്ഛായയായി മാറ്റുന്ന ഒന്നാണ് ബസ്സ് സ്റ്റാൻഡ്. സംസ്ഥാനത്തെ ബസ്സ് സ്റ്റാൻഡുകളുടെ നവീകരണത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. നഗരവികസനം, വെള്ളക്കെട്ട് എന്നിവ മൂലം എറണാകുളം ബസ്സ് സ്റ്റാൻഡ് അതീവ ശോച്യാവസ്ഥയിലാണ്. ബസ്സ് സ്റ്റാൻഡ് നിർമ്മാണത്തിന് സി എസ് എം എല്ലുമായി കരാർ ഉണ്ടായിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർക്കാർ നേരിട്ട് പണം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കാരിക്കാമുറിയിൽ കെ എസ് ആർ ടി സി യുടെ തന്നെ സ്ഥലത്താണ് നിർദ്ദിഷ്ട ബസ് സ്റ്റാൻഡ്. സൗത്ത് റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവ അടുത്തു വരുന്നത് യാത്രക്കാർക്ക് എളുപ്പമാകും. പദ്ധതിയുടെ അന്തിമ രൂപരേഖ ഉടൻ തയാറാകും. ചെലവു കുറച്ച് മനോഹരമായ ശൈലിയാണ് ഉദ്ദേശിക്കുന്നത്.

കൊച്ചി മേയർ അഡ്വ എം അനിൽകുമാറിന്റെയും എം എൽ എ ടി ജെ വിനോദിന്റെയും നിരന്തരമായ ഇടപെടലുകൾ മൂലമാണ് പുതിയ ബസ്സ് സ്റ്റാൻഡ് അടിയന്തരമായി നിർമ്മിക്കാൻ തുക അനുവദിച്ചത് .

കെഎസ്ആർടിസി ബസ്സുകളുടെ നവീകരണത്തിനും പുതിയ ബസ്സുകൾ കൂടുതലായി നിരത്തിൽ ഇറക്കുന്നതിനും സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി മേയർ അഡ്വ എം അനിൽകുമാറും എംഎൽഎ ടി ജെ വിനോദും മന്ത്രിയോടൊപ്പം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡും കാരിക്കാ മുറിയിലെ നിർദ്ദിഷ്ട സ്റ്റാർഡ് സ്ഥലവും സന്ദർശിച്ചു.

കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷറഫ് മുഹമ്മദ്, പൊതുമരാമത്തു കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ആർ ബിനു, കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് എൻജിനീയർ ലേഖ, അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ എ.അജിത്ത്, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ആൻ്റണി വർഗീസ് ഉൾപ്പടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *