പത്തനംതിട്ട ജില്ലയില്‍ ചില്ലു മാലിന്യശേഖരണ ക്യാമ്പയിന് തുടക്കമായി

Spread the love

ചില്ല് കളയല്ലേ, എടുക്കാനാളുവരും…

പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന മുഖേന ഈ ആഗസ്റ്റ് മാസത്തില്‍ കുപ്പി, ചില്ല് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള ക്യാമ്പയിനു പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ഇതു സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കി തുടക്കമിട്ടു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു ജില്ലയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

post

തദ്ദേശസ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹരിതകര്‍മ്മസേനയ്ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്നതിനും ചില്ല് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹരിതകര്‍മ്മസേനയ്ക്കൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ യുവജനസംഘടകള്‍ തുടങ്ങിയവരെയൊക്കെ ക്യാമ്പയിന്റെ ഭാഗമാക്കണം.  ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പോസ്റ്റര്‍ പ്രകാശനത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ് കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി.ദിലീപ് കുമാര്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഷിജു എം. സാംസണ്‍, ക്ലീന്‍ കേരള കമ്പനി ട്രെയ്നി മെല്‍വിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

ശേഖരിക്കേണ്ടതിങ്ങനെ

അജൈവ പാഴ് വസ്തു ശേഖരണത്തിനായി ക്ലീന്‍ കേരള കമ്പനി പുറത്തിറക്കിയിട്ടുള്ള പാഴ് വസ്തു ശേഖരണ കലണ്ടര്‍ പ്രകാരം പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവയ്ക്കു പുറമേ ആഗസ്റ്റ് മാസത്തില്‍ ഹരിത കര്‍മ്മസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കേണ്ടത് കുപ്പിയും ചില്ല് മാലിന്യങ്ങളുമാണ്. മൂന്നു രീതിയിലാണു ശേഖരണം നടക്കേണ്ടത്.  ബിയര്‍ ബോട്ടിലുകള്‍, മറ്റ് കുപ്പികള്‍, കുപ്പിച്ചില്ല് എന്നിവ പ്രത്യേകം പ്രത്യേകമായി ചാക്കുകളില്‍ ശേഖരിക്കേണ്ടതാണ്. സിറാമിക് വേസ്റ്റ് സ്വീകരിക്കുന്നതല്ല. വാര്‍ഡുകളിലെ പ്രത്യേക സ്ഥലങ്ങളില്‍ ശേഖരിക്കുന്ന ചില്ല് മാലിന്യം തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന മുഖേന എം.സി.എഫി ലേക്ക്  കൊണ്ടുവരേണ്ടതും അവിടെ നിന്ന് ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നതുമാണ്. ക്ലീന്‍ കേരള കമ്പനിയുടെ പ്രാഥമികമായ ചെലവുകള്‍ ഒഴിച്ചുള്ള മുഴുവന്‍ തുകയും ഹരിതകര്‍മ്മസേനയ്ക്കു ലഭ്യമാകും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ചില്ല് മാലിന്യം നേരിട്ട് ഹരിതകര്‍മ്മസേനയ്ക്കു നല്‍കാവുന്നതും അതുമല്ലെങ്കില്‍ തദ്ദേശസ്ഥാപനം തീരുമാനിക്കുന്ന പ്രത്യേക പോയിന്റുകളില്‍ എത്തിച്ചു നല്‍കാവുന്നതുമാണ്. ഈ മാസം അവസാന വാരത്തോടെ തദ്ദേശസ്ഥാപനങ്ങളിലെ എം.സി.എഫ് കളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി ചില്ല് മാലിന്യം ശേഖരിച്ച് സംസ്‌ക്കരണത്തിനായി കൊണ്ടുപോകും.

 

Author

Leave a Reply

Your email address will not be published. Required fields are marked *