
തിരുവന്തപുരം: യുപിഎ സര്‍ക്കാര്‍ 2005ല്‍ പാസാക്കിയ വിപ്ലവകരമായ വിവരാവകാശനിയമത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മോദിസര്‍ക്കാര്‍ ഭേദഗതികളിലൂടെയും നടപടികളിലൂടെയും നിയമത്തെ അട്ടിമറിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എയും.

വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് 5 വര്‍ഷം സ്ഥിരകാലാവധിയും ഉറപ്പുള്ള സേവനനിബന്ധനകളും ഉണ്ടായിരുന്നത് 2019ലെ ഭേദഗതിയിലൂടെ ഇതിനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യടക്കി. ഇത് ഭരണകൂട ഇടപെടലിന് വഴിവച്ചു. 2023ല്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം ‘വ്യക്തിഗത വിവരങ്ങള്‍” എന്നതിന്റെ പരിധി വ്യാപിപ്പിച്ചു. ‘വ്യക്തിഗത വിവരം” പൊതുതാല്‍പര്യത്തിനായാലും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന വ്യവസ്ഥ നിയമത്തിന്റെ അന്ത:സത്ത തകര്‍ത്തു. വോട്ടര്‍ പട്ടികയിലെ ഗുരുതമായ ക്രമക്കേടുകള്‍, പൊതു ഫണ്ടുകളുടെ ദുര്‍വിനിയോഗം തുടങ്ങിയ വിവരങ്ങള്‍ പോലും ‘വ്യക്തിഗത വിവര”മെന്ന പേരില്‍ മൂടിവയ്ക്കുന്നു.
ഒഴിവുകള്‍ നികത്താത്തത് കാരണം കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ 11 അംഗങ്ങള്‍ക്ക് പകരം രണ്ട് പേര്‍ മാത്രമേയുള്ളു. 2025 സെപ്റ്റംബറിന് ശേഷം ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനം പോലും ഒഴിഞ്ഞുകിടക്കുകയാണ്. പല സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്. 2024 ഒക്ടോബറില്‍ പുറത്തിറക്കിയ സതര്‍ക്ക് നാഗരിക് സംഗതന്റെ ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളുടെ ‘റിപ്പോര്‍ട്ട് കാര്‍ഡ്’ പ്രകാരം, 29 സംസ്ഥാന വിവരാവകാശ കമ്മീഷനുകളില്‍ 7 എണ്ണം പ്രവര്‍ത്തനരഹിതമായിരുന്നു. 2024 ജൂണ്‍ വരെ, 29 കമ്മീഷനുകളില്‍ ഏകദേശം 4,05,000 അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ഏകദേശം 23,000 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ച കോടികളുടെ വിവരങ്ങള്‍, കോവിഡ് കാലത്ത് ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണം, പിഎം കെയേഴ്സ് ഫണ്ടിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നിഷേധിച്ചു.
ഇലക്ടറല്‍ ബോണ്ട് കേസില്‍, ആര്‍ടിഐ പ്രകാരം ആദ്യം വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. ഒടുവില്‍ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയ സംഭാവനയുടെ വിവരങ്ങള്‍ പുറത്തുവന്നത്.
വിവരാവകാശ പ്രവര്‍ത്തകരെ കൊന്നും കൊലവിളിച്ചും നിയമത്തെ വരുതിയിലാക്കുകയാണ്. അനധികൃത ഖനനം തുറന്നുകാട്ടിയ ഭോപ്പാലില്‍ നിന്നുള്ള ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഷെഹ്ല മസൂദിനെ സ്വന്തം വീടിന് പുറത്ത് വെടിവച്ചു കൊന്നു. ഭൂമി തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നതില്‍ പ്രശസ്തനായ സതീഷ് ഷെട്ടിയെ പ്രഭാത നടത്തത്തിനിടെ ഭൂമാഫിയ ആക്രമിച്ച് കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ നിര്‍ഭയമായി വിവരാവകാശ നിയമം ഉപയോഗിക്കാനുള്ള പൗരന്മാരുടെ താല്‍പ്പര്യത്തെ പിന്നോട്ടടിച്ചു.
വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ നിയമം പാസാക്കിയെങ്കിലും അത് പാബല്യത്തില്‍ വന്നില്ല എന്നത് നിയമത്തെ വീണ്ടും ദുര്‍ബലപ്പെടുത്തി. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ഇരുസഭകളും പാസാക്കിയെങ്കിലും 2014ന് ശേഷം മോദി സര്‍ക്കാരിന്റെ കീഴില്‍, നിയമം നടപ്പിലാക്കിയിട്ടില്ല. ഭരണ പ്രക്രിയയിലെ അഴിമതിയും ക്രമക്കേടുകളും തുറന്നുകാട്ടുന്ന വ്യക്തികള്‍ ഭീഷണിക്കും ശാരീരിക ആക്രമണങ്ങള്‍ക്കും ഇരയാകുന്നു. അഴിമതി തുറന്നുകാട്ടാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് നിയമപരമായ പരിരക്ഷയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിമയത്തിലൂടെ മുന്നോട്ട് വെച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലും വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികളും ഉണ്ടായി. കസ്റ്റഡി മരണങ്ങള്‍പോലെ പോലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നു. വ്യക്തിഗത നിയമം എന്ന പരിചയാണ് ഇതിനായി ഉപയോഗിക്കുന്നത്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെയും ശ്രീമതി സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും കീഴില്‍, 2005 ഒക്ടോബര്‍ 12നാണ് വിവരാവകാശ നിയമം ് നിലവില്‍ വന്നത്. തൊഴിലുറപ്പ് നിയമം(2005), വനാവകാശ നിയമം (2006), വിദ്യാഭ്യാസ അവകാശ നിയമം (2009), ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശ നിയമം (2013), ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (2013) എന്നിവ ഉള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിഷ്‌ക്കാരങ്ങളുടെ തുടക്കമായിരുന്നു ഇത്.
സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ശക്തമായ ആയുധമായി വിവരാവകാശം നിയമംമാറി. റേഷന്‍ അവകാശങ്ങള്‍, സമയബന്ധിതമായ പെന്‍ഷനുകള്‍,വേതനം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഉറപ്പാക്കാന്‍ ഇത് മുഖ്യപങ്ക് വഹിച്ചു. എന്നാല്‍ 2014 മുതല്‍ വിവരാവകാശ നിയമത്തിന്റെ അത്മാവ് തന്നെ തുടര്‍ച്ചയായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതിലൂടെ രാജ്യത്തിന്റെ സുതാര്യതയെയും ജനാധിപത്യ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നു.
വിവരാവകാശം സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ഃ
1. 2019 ലെ ഭേദഗതികള്‍ റദ്ദാക്കി വിവരാവകാശ കമ്മീഷനുകളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക. സുരക്ഷിതമായ സേവന വ്യവസ്ഥകളോടെ കമ്മീഷനംഗങ്ങള്‍ക്ക് നിശ്ചിത 5 വര്‍ഷത്തെ കാലാവധി ഉറപ്പാക്കുക.
2. വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഡിപിഡിപി നിയമ വ്യവസ്ഥകള്‍ (സെക്ഷന്‍ 44(3)) ഭേദഗതി ചെയ്യുക.
3. സുതാര്യവും സമയബന്ധിതവുമായ പ്രക്രിയയിലൂടെ കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ ഒഴിവുകള്‍ ഉടനടി നികത്തുക.
4. കമ്മീഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും തീര്‍പ്പാക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ചെയ്യുക.
5. വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കി ആര്‍ടിഐ ഉപയോക്താക്കള്‍ക്കും വിസില്‍ ബ്ലോവര്‍മാര്‍ക്കും സംരക്ഷണം നല്‍കുക.
6. പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, വനിതാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മീഷനുകളില്‍ വൈവിധ്യം ഉറപ്പാക്കുക.
ആര്‍ടിഐ വെറുമൊരു നിയമമല്ല, മറിച്ച് ഇന്ത്യയിലെ പൗരന്മാരുടെ ഭരണഘടനാപരവും സാമൂഹികവുമായ ശാക്തീകരണത്തിനുള്ള മാര്‍ഗമാണെന്ന് ദീപാദാസ് മുന്‍ഷിയും പിസി വിഷ്ണുനാഥും ചൂണ്ടിക്കാട്ടി.