തിരുവനന്തപുരം: വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാന്‍ നാം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 75 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിനു രാഷ്ട്രീയ സുരക്ഷ ഒരുക്കുന്നതുപോലെ പ്രധാനമാണ് ജൈവഘടനയുടെ സംരക്ഷണവും. ഓരോ മനുഷ്യന്റെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ പ്രകൃതിയിലുണ്ട്. എന്നാല്‍ ദുരാഗ്രഹങ്ങള്‍ തീര്‍ക്കാനുള്ള വിഭവങ്ങള്‍ ഇല്ലതാനും. ഈ കാഴ്ചപാടിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നാം നയം രൂപീകരിക്കണം. പാരിസ്ഥിതിക രംഗത്ത് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളലാണ്. ഇത് പരിഗണിച്ചാണ് കാര്‍ബണ്‍ പുറന്തള്ളല്‍ ഏറ്റവും കുറഞ്ഞ സമ്പദ്ഘടന എന്ന ആശയം സംസ്ഥാനം മുന്നോട്ടുവെച്ചത്. പരിസ്ഥിതി സന്തുലിത ജീവിതം എന്നത് തീര്‍ച്ചയായും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ നാം എടുക്കേണ്ട മറ്റൊരു കാഴ്ചപ്പാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലും, ശാസ്ത്ര സാങ്കേതിക മേഖലകളിലും ഏഴരപതിറ്റാണ്ടുകൊണ്ട് ഇന്ത്യ ചരിത്രപരമായ വളര്‍ച്ച നേടി. എന്നാല്‍, ഈ നേട്ടങ്ങള്‍ ആകമാനം ഉപയോഗപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനും അവര്‍ക്കിടയിലെ അന്തരം ഇല്ലാതാക്കാനും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്.
ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പാക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിനായി നമ്മുടെ അടിസ്ഥാന മേഖലകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. കോവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വര്‍ത്തിച്ചത് ഇത്തരം ഇടപെടലുകളാണ്.
ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസങ്ങളെ കൂടി ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കൂടുതല്‍ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരു വൈജ്ഞാനിക സമൂഹം എന്ന പാതയില്‍ കൂടിയാണ് വികസനത്തിലേക്ക് നാം മുന്നേറേണ്ടത്. വൈജ്ഞാനിക വിപ്ലവത്തില്‍ നിന്ന് ഒരു മനുഷ്യനും പിന്തള്ളപ്പെട്ടു പോകാതിരിക്കാന്‍ നാം പ്രത്യേക കരുതല്‍ സൂക്കിക്കണം. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താനും ഉന്നതവിദ്യാഭ്യാസത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനും ഊന്നല്‍ നല്‍കണം.
ആരോഗ്യരംഗത്തും സംസ്ഥാന രൂപീകരണ കാലംതൊട്ട് സവിശേഷമായ ശ്രദ്ധ കേരളം പുലര്‍ത്തിയിട്ടുണ്ട്. അരോഗദൃഢഗാത്രരും വിദ്യാസമ്പന്നരുമായ ഒരു ജനതയുടെ രൂപീകരണത്തിനുവേണ്ടിയുള്ള ഇടപെടല്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യരംഗത്തെ ഈ വികാസം ഏറെ സഹായമായിട്ടുണ്ട്. ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 ജനകീയാസൂത്രണത്തിന്റെ കാല് നൂറ്റാണ്ടിന്റെ വര്‍ഷം കൂടിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ രൂപീകരണത്തില്‍ പൊതുജനങ്ങളെ എങ്ങനെ പങ്കാളികളാക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ജനകീയാസൂത്രണം. വികേന്ദ്രീകൃതമായ കേരളത്തിന്റെ സംവിധാനം നമ്മുടെ ജനത നേരിട്ട പ്രളയത്തെയും കോവിഡിനെയുമെല്ലാം പ്രതിരോധിക്കാന്‍ സഹായകമായിട്ടുണ്ട്. വികേന്ദ്രീകൃതമായ ആസൂത്രണ സംവിധാനം കൂടുതല്‍ ഫലപ്രദമായി വികസനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുകയെന്നതും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ മഹാമാരിയുടെ ഇടയില്‍ ആളുകളുടെ ജീവന് സംരക്ഷിക്കുകയാകണം പ്രഥമ പരിഗണന. ഒപ്പം ജനങ്ങളുടെ ജീവിതോപാധികള്‍ നിലനിര്‍ത്താന്‍ കഴിയുകയും പ്രധാനമാണ്. ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ് നമുക്ക് ഏറ്റെടുക്കാനുള്ളതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ജവഹര്‍ലാല്‍ നെഹ്റു തന്റെ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തില്‍ പറഞ്ഞതുപോശയ നമ്മുടെ മൂല്യങ്ങളെ ഗണ്യമായി തിരികെ പിടിക്കാനുള്ള പ്രതിജ്ഞ ഈ സ്വാതന്ത്ര്യദിനത്തില്‍ നാം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ ദേശീയതലത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തെ അമൃതം എന്ന പദവുമായി ആദ്യമായി ചേര്‍ത്തുവച്ചത് മലയാളത്തിന്റെ മഹാകവി കുമാരനാശാനാണെന്നത് മലയാളികള്‍ക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.