തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടെ വിറപ്പിച്ച മലബാര്‍ കലാപത്തിലെ 387 ധീരവിപ്ളവകാരികളുടെ പേരുകള്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്ത ചരിത്രഗവേഷണ കൗണ്‍സിലിന്റെ നടപടി ഭീരുത്വവും ഇന്ത്യയുടെ മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന്
സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ അലോസരമുണ്ടാക്കിയേക്കാം. അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്മാരെ തമസ്കരിക്കാനും കഴിഞ്ഞേക്കും, എന്നാല്‍ കോടിക്കണക്കായ സാധാരണ ഇന്ത്യാക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും,
ആലി മുസിലായാരെപ്പോലെയുമുള്ള ധീരനായകന്മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബി ജെ പി യും സംഘപരിവാറും മനസിലാക്കണം. വാരിയന്‍ കുന്നത്തിനെയും , ആലിമുസ്ലിയാരെയും പോലുളള ധീരര്‍ പോരാടിയതും, രക്തസാക്ഷികളായതും എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പൊള്ളുന്ന ഏടാണ് മലബാര്‍ കലാപം. മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം രൂപം കൊണ്ട ഖിലാഫത്ത് പ്രക്ഷോഭം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയില്‍ നിന്നും കെട്ടികെട്ടിക്കാനുള്ള ജനകീയ പോരാട്ടമായിരുന്നു. ആ പോരാട്ടത്തിന്റെ ബലിപീഠത്തിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും , ആലി മുസ്ലിയാരുമൊക്കെ ജീവത്യാഗം ചെയ്തത്. ഇവരുടെ മഹത്തായ രക്തസാക്ഷിത്വത്തെ കേവലം ഹിന്ദു മുസ്ളീം കലാപമാക്കി ഇകഴ്ത്തിക്കാണിക്കാനും അതുവഴി അവരെ അപമാനിക്കാനുമുള്ള സംഘപരിവാറിന്റെയും ദേശീയ ചരിത്രകൗണ്‍സിലിന്റെയും നീക്കത്തെ ഇന്ത്യന്‍ ജനത അവജ്ഞയോടെ തള്ളിക്കളയും. മഹാത്മാഗാന്ധിയെ ഇല്ലായ്മ ചെയ്യുകയും, നെഹ്റുവിന്റെ ഓര്‍മകളെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറില്‍ നിന്നും, അവരുടെ ആജ്ഞാനുവര്‍ത്തികളില്‍നിന്നും ഇതിനെക്കാള്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.