പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷത്തില്‍ നടന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മുഴക്കിയ വഞ്ചിപ്പാട്ടിന്റെ ആരവം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ആഘോഷ കാഴ്ചയായി മാറി. പമ്പയുടെ വിരിമാറില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ എത്തിയ മാരാമണ്‍, കോഴഞ്ചേരി, കീഴ്വന്മഴി എന്നീ പള്ളിയോടങ്ങള്‍ ആചാരപരമായ വെറ്റപുകയിലയും പ്രസാദവും സ്വീകരിച്ച് ഭീഷ്മ പര്‍വത്തിലെ ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നില്‍ എന്ന ഭാഗം പാടി തുഴഞ്ഞ് നീങ്ങി.
അമരചാര്‍ത്തുകളുടെയും കന്നല്‍ കുമിളയുടെയും തിളക്കവും ബാണക്കൊടിയുടെ കാഴ്ചകളും കാണികള്‍ക്ക് സമ്മാനിച്ച് സത്രക്കടവിന് താഴെയെത്തി മൂന്ന് പള്ളിയോടങ്ങളും ഒരുമിച്ച് ചവിട്ടിത്തിരിച്ച് കിഴക്ക് പരപ്പുഴക്കടവിനെ ലക്ഷ്യമാക്കി തുഴഞ്ഞ് നീങ്ങുമ്പോള്‍ ഒഴുക്കിനെതിരെ ആഞ്ഞു തുഴയാന്‍ പാകത്തിലുള്ള വെച്ചു പാട്ടിന്റെ താളത്തിലായി മൂന്നു പള്ളിയോടങ്ങളും. ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക . . . .എന്ന് തുടങ്ങുന്ന വെച്ചുപാട്ടിന്റെ അകമ്പടിയില്‍ കുതിച്ച് മുന്നേറിയ പള്ളിയോടങ്ങളുടെ കാഴ്ച കോവിഡ് നിയന്ത്രണത്തിനുള്ളില്‍ കാത്തു നിന്ന കാണികള്‍ക്ക് ഹരമായി. പരപ്പുഴക്കടവില്‍ നിന്ന് തിരികെ പാര്‍ഥസാരഥി ക്ഷേത്രക്കടവ് വരെ സന്താന ഗോപാലം വഞ്ചിപ്പാട്ടിലെ നീലകണ്ഠ തമ്പുരാനേ എന്ന വരികള്‍ പാടി കരക്കാര് ഉത്രട്ടാതി ദിനത്തെ അവിസ്മരണീയമാക്കി. ഉച്ചയ്ക്ക് 12.30 ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പള്ളിയോടങ്ങള്‍ മടങ്ങി. നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമര്‍പ്പിക്കാനും അവില്‍പ്പൊതി സമര്‍പ്പിക്കാനും ഏതാനും ഭക്തര്‍ എത്തിയിരുന്നു.
2018 ലെ മഹാപ്രളയകാലത്ത് പോലും 25 പള്ളിയോടങ്ങള്‍ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയുടെ കാലത്ത് അതും അപ്രാപ്യമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ളാക ഇടയാറന്മുള പള്ളിയോടം മാത്രം ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുമതി ലഭിച്ചത് പള്ളിയോട കരകള്‍ക്ക് ആശ്വാസമായി.
ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെ ജല ഘോഷയാത്ര മാത്രമായി നടത്തിയ ഉത്രട്ടാതി ജലോത്സവത്തിന് മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ത സരസ്വതി ഭദ്ര ദീപം കൊളുത്തി. ആന്റോ ആന്റണി എംപി ജല ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, അസി കമ്മീഷണര്‍ എസ്. സൈനുരാജ്, സെക്രട്ടറി പാര്‍ഥസാരഥി ആര്. പിള്ള, വൈസ് പ്രസിഡന്റ് ജി. സുരേഷ് വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, പഞ്ചപാണ്ഡവ ക്ഷേത്ര സമിതി പ്രസിഡന്റും കൊച്ചിന് ഷിപ്പ് യാര്‍ഡ് ഡയറക്ടറുമായ ബി. രാധാകൃഷ്ണ മേനോന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ സുനില്‍, ജിജി ജോണ്‍ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാകുമാരി, സി.എസ്. ബിനോയി, തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.