കൊല്ലം: കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് ഇന്ന്( ഓഗസ്റ്റ് 30)രാവിലെ 9 മണി മുതല്‍ വിമലാംബിക എല്‍. പി സ്‌കൂളില്‍ നടത്തും. കോവിഷീല്‍ഡ് ആണ് നല്‍കുന്നത്. ആന്റിജന്‍ പരിശോധന വ്യാപിച്ചിട്ടുണ്ട്. മൂന്നാം തരംഗം മുന്നില്‍കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതായി ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു. അലയമണ്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തി വരുന്നു. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകളും കോവിഡ് ബാധിതരായവര്‍ക്ക് ആവശ്യമായ മരുന്നുകള്‍, സാനിറ്റൈസര്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവയും നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.
കുണ്ടറയില്‍ ഇതുവരെ 1721 പേര്‍ കോവിഡ് ബാധിതരായി. 1573 പേര്‍ രോഗമുക്തി നേടി. സി.എഫ്.എല്‍.ടിസിയില്‍ 36 പേര്‍ ചികിത്സയിലുണ്ട്. 86 പേര്‍ ഗൃഹ നിരീക്ഷണത്തിലാണ്. വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് മിനിതോമസ് പറഞ്ഞു. പുനലൂര്‍ നഗരസഭയില്‍ ഇന്നലെ (ഓഗസ്റ്റ് 29) താലൂക്ക് ആശുപത്രി, നെഹ്റു മെമ്മോറിയല്‍ ബില്‍ഡിംഗ് കേന്ദ്രങ്ങളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടത്തി. വാര്‍ഡുതലത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.