കോവിഡ് പ്രതിരോധം: ഗ്രാമപഞ്ചായത്തുകളുടെ സംശയനിവാരണത്തിന് ജില്ലകളില്‍ ക്രൈസിസ് മാനേജ്മെന്റ് ടീം

post

തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ജില്ലാതലത്തില്‍ ക്രൈസിസ് മാനേജ്മെന്റ് ടീം പ്രവര്‍ത്തിക്കും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാവും ടീം. പത്ത് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആളുണ്ടാവും. ഇതില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് അവഗാഹമുണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ടീം അംഗങ്ങള്‍ക്ക് കിലെ മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്‍കും. സീനിയര്‍ ക്ളാര്‍ക്ക് മുതലുള്ള ഉദ്യോഗസ്ഥരെയാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്.

പഞ്ചായത്തുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ പഞ്ചായത്തില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കാം. സര്‍ക്കാര്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ ഉപയോഗിക്കരുത്. അംഗപരിമിതര്‍, രോഗബാധിതര്‍ എന്നിവരെയും ഒഴിവാക്കണം. ജില്ലാ കളക്ടര്‍ കോവിഡ് ഡ്യൂട്ടി നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെയും അധ്യാപകരെയു  ം ഒഴിവാക്കണം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ ജോലിക്ക് നിയോഗിക്കാം. ഇതിനാവശ്യമായ ഉത്തരവ് പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രമേ പുറപ്പെടുവിക്കാവൂ. ഇത്തരത്തില്‍ നിയോഗിക്കുന്ന ജീവനക്കാരെ ടേണ്‍ അടിസ്ഥാനത്തില്‍ വിനിയോഗിക്കണം. ചുമതല നിശ്ചയിക്കുമ്പോള്‍ ജീവനക്കാരന്റെ ഔദ്യോഗിക പദവി കണക്കിലെടുക്കണം. നിയമന ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് പഞ്ചായത്ത് സെക്രട്ടറി അയയ്ക്കണം.

Leave Comment